രാഹുല്‍ ഗാന്ധിയെ തിരുത്താന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടണം: വൃന്ദ കാരാട്ട്

ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന് പിന്തുണ നല്‍കുന്ന പരാമര്‍ശമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ഗാന്ധി നടത്തിയതെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം വൃന്ദ കാരാട്ട്. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമായ പരാമര്‍ശം തിരുത്താന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായ പോരാട്ടം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടക്കാത്തതെന്ത് എന്നാണ് കോണ്‍ഗ്രസിന്റെ ദേശീയനേതാവായ രാഹുലിന്റെ ചോദ്യം. അതിനായി ഇഡിയെ പ്രേരിപ്പിക്കുന്ന രാഹുല്‍ ഗാന്ധി എന്തു സന്ദേശമാണ് നല്‍കുന്നത്? രാഹുലിന്റെ പ്രസംഗം ഞങ്ങള്‍ കാര്യമാക്കുന്നില്ല. എന്നാല്‍ ചില ചോദ്യങ്ങളുണ്ട്.

പ്രതിപക്ഷത്തിനെതിരെ രാജ്യത്താകെ ഇഡി കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടോ? കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ച കേസുകളെ കുറിച്ച് എന്താണ് അഭിപ്രായം? നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും ഗാന്ധികുടുംബത്തിനുമെതിരെ കള്ളന്മാരും കൊള്ളക്കാരുമെന്ന ആക്ഷേപമുയര്‍ന്നിരുന്നു. എന്നിട്ടും അവരെയൊക്കെ ജയിലിലടക്കണമെന്ന് ഞങ്ങളാരും ആവശ്യപ്പെട്ടില്ല. രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരായ ബിജെപിയുടെ വേട്ടയാടലിനെ എതിര്‍ക്കുന്നതുകൊണ്ടാണത്.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകളെടുത്താല്‍, അത് രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കും. ഹേമന്ത് സോറന്റെയും അരവിന്ദ് കെജ്രിവാളിന്റെയും അറസ്റ്റിനെ ഏറ്റവും ശക്തമായി ചെറുത്തത് സിപിഎമ്മാണ്. രാഷ്ട്രീയവും ആശയപരവുമാണ് സിപിഎമ്മിന്റെ പോരാട്ടം. ജനാധിപത്യശക്തികളെയാകെ അണിനിരത്തി ബിജെപിയെയും വര്‍ഗീയതയെയും തോല്‍പ്പിക്കലാണ് ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസിന് അങ്ങനെയൊരു നിലപാടില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

21-Apr-2024