വോട്ടിന് പണം; ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്.മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് കേസ്. മതസംഘടനകൾക്കു പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപിച്ചിരുന്നു.

ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ ഡിജിപിക്കു പരാതി നൽകിയത്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. അതേസമയം ശശി തരൂരിനെതിരെ കേരളാ പൊലീസ് കേസ് എടുത്തതിനെ കുറിച്ച് അറിയില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതിന് പുറമേ താൻ ദില്ലി കോടതിയിൽ ഒരു ക്രിമിനൽ കേസ് നൽകിയിരുന്നു.

അതിന്റെ നടപടികൾ തുടങ്ങിയിട്ടുമുണ്ട്. ഇത് മനസിലാക്കിയാകാം കേരളത്തിലും കേസെടുത്തത്. അല്ലെങ്കിൽ ഇത്തരമൊരു പരാതിയിൽ എന്ത് ചെയ്തെന്ന ചോദ്യം ഉയരും. നുണ പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. ആദ്യം ആരോപണം ഉന്നയിക്കും, പിന്നെ അത് മാറ്റിപ്പറയുമെന്ന സ്ഥിതിയാണ്. നുണയുടെ രാഷ്ട്രീയം നിയമം അനുവദിക്കുന്നില്ലെന്നും നുണ പറഞ്ഞ് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

21-Apr-2024