സുരേഷ് ഗോപിയുടെ ഫ്ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം

സുരേഷ് ഗോപിയുടെ പുതിയ ഫ്ലക്സ് വിവാദത്തിൽ. ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ഫ്ലക്സാണ് ഇപ്പോൾ വാർത്തയിൽ ഇടം നേടുന്നത്. സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.

അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു.
പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. അതേസമയം ഇന്നസെന്റിന്റെ ചിത്രം പ്രചരണ ബോർഡുകളിൽ വച്ചതിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

22-Apr-2024