ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം; പിന്തുണയുമായി നിഖില വിമല്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് പിന്തുണയുമായി നടി നിഖില വിമല്‍. ഈ കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പില്‍ കെ കെ ശൈലജ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും കേരളത്തില്‍ നിന്നും വടകരയുടെ പ്രതിനിധിയായി അവര്‍ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നും നിഖില വിമല്‍ ഫേസ് ബുക്കില്‍ കുറിച്ചു.


പോസ്റ്റിന്റെ പൂര്‍ണരൂപം:

'നിപ്പയും കൊവിഡുമുള്‍പ്പെടെയുള്ള പാന്‍ഡമിക്കുകളുടെ കാലത്ത് നമ്മുടെ ആരോഗ്യ സംവിധാനത്തെ മാതൃകാപരമായി നയിച്ച പൊതുപ്രവര്‍ത്തകയാണ് കെ കെ ശൈലജ ടീച്ചര്‍. പാന്‍ഡമിക്കുകളുടെ കാലത്ത് പ്രതിരോധം സാമൂഹിക ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ നമ്മുടെ ആരോഗ്യ മേഖലയെ അടിമുടി നവീകരിക്കുന്നതിലെല്ലാം അവര്‍ മുന്നില്‍ നിന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനിക സൗകാര്യങ്ങളോടെ നവീകരിക്കുക വഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയമാണ് അവര്‍ മുന്നോട്ടുവച്ചത്. ആ രാഷ്ട്രീയം നാടിനാവശ്യമാണ്.

ഐക്യരാഷ്ട്ര സഭയും ലോകവും ആദരിച്ച നമ്മുടെ നാടിന്റെ അഭിമാനമാണ് ടീച്ചര്‍. ദ ഗാര്‍ഡിയനിലും, വോഗ് മാസികയിലും ബിബിസിയിലും നമ്മുടെ ടീച്ചര്‍ ഇടം പിടിച്ചു. സിഇയു ഓപ്പണ്‍ സൊസൈറ്റി പ്രൈസ് ഉള്‍പ്പെടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ച പൊതു പ്രവര്‍ത്തകയാണ് അവര്‍.

കണ്ണൂര്‍ ആയതുകൊണ്ട് തന്നെ ടീച്ചറിനെ കൂടുതല്‍ അറിയാന്‍ അവസരം കിട്ടിയിട്ടുണ്ട്. പലപ്പോഴും പല പൊതുവേദികളിലും ഒന്നിച്ച് ഇടപെടേണ്ടിയും വന്നിട്ടുണ്ട്. ടീച്ചര്‍ ജയിച്ച് വന്നാല്‍ നാടിനുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷ ഉണ്ട്. ഈ കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചര്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. കേരളത്തില്‍ നിന്നും വടകരയുടെ പ്രതിനിധിയായി ടീച്ചര്‍ പാര്‍ലമെന്റില്‍ ഉണ്ടാകണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രിയപ്പെട്ട ഷൈലജ ടീച്ചര്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.'

25-Apr-2024