ജനാധിപത്യത്തിന്റെ ബാലപാഠം അറിയുന്ന ഒരാള്‍ പറയാത്ത ഭാഷയാണ് ശശി തരൂര്‍ പറയുന്നത്: പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ജനാധിപത്യത്തിന്റെ ബാലപാഠം അറിയുന്ന ഒരാള്‍ പറയാത്ത ഭാഷയാണ് ശശി തരൂര്‍ പറയുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ജനാധിപത്യത്തോടുള്ള അവഹേളനമാണ് നടക്കുന്നത്. ധൈര്യമുണ്ടോയെന്നക്കയാണ് തരൂര്‍ ചോദിക്കുന്നത്. ആരോപണം ഉന്നയിച്ച് പറയേണ്ടത് പറഞ്ഞാല്‍ അദ്ദേഹം നടക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ മാധ്യമങ്ങള്‍ ഇന്നേവരെ ചെയ്യാത്തവയാണ് ചെയ്തത്. രാജീവ് ചന്ദ്രശേഖര്‍ വന്ന ശേഷമാണ് തന്റെ വാര്‍ത്തകള്‍ തമസ്‌കരിച്ചതെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. എന്റെ കൈയില്‍ പണമില്ല. ഇന്നിവിടെ തിരുവനന്തപുരത്ത് ഇതൊരു കളങ്കമാണ്.

തലസ്ഥാനത്തെ പത്രക്കാര്‍ തന്റെടമുള്ളവരാണെന്ന് ഞാന്‍ ഡല്‍ഹിയില്‍ പറഞ്ഞിട്ടുണ്ട്. ഒരു ബുദ്ധിജീവിക്ക് ഞാന്‍ എംപിയായിരുന്നത് പോലും അറിയില്ല. എനിക്ക് വലിയ പഠിത്തമില്ല. പക്ഷെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിട്ടുമുണ്ട്. അതിനൊക്കെ എനിക്ക് നന്നാറിയാം. സാധാരണ തൊഴിലാളി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകാന്‍ പാടില്ലെന്നാണോ പറയുന്നത്. എന്നെ അപമാനിച്ചാലും ഇടതുപക്ഷം ഇവിടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓക്‌സ്‌ഫോഡില്‍ പഠിക്കുന്നത് മാത്രമാണോ കഴിവ്. 40 മാസം കാര്യങ്ങള്‍ മനസിലാക്കി ഓരോന്ന് ചെയ്തത് കൊണ്ടാണ് വലിയ വികസനങ്ങള്‍ തിരുവനന്തപുരത്ത് കൊണ്ടുവന്നത്. എന്നോട് ചെയ്തത് അനീതിയും പത്ര ധര്‍മ്മത്തിന് നിരക്കാത്തതുമാണ്. വോട്ടിനായി പണം വാങ്ങുന്നവര്‍ വാങ്ങിച്ചോളൂ, പക്ഷെ വോട്ട് എല്‍ഡിഎഫിന് ഇട്ടാല്‍ മതി.

ഈ തലസ്ഥാനത്തെ ഒരു വോട്ടര്‍ക്ക് പോലും തരൂരിനെ ഇന്നുവരെ ഫോണില്‍ വിളിക്കാന്‍ കഴിഞ്ഞിട്ടില്ല. എത്ര അവഹേളിച്ചാലും പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും അവരാണ് തന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നെപ്പോലൊരാള്‍ മത്സരിക്കുന്ന അധികപറ്റാണെന്ന് പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് പറയുന്നത് ശരിയായ കാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.

25-Apr-2024