എൻകെ പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ്
അഡ്മിൻ
എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് രംഗത്ത്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓർത്തില്ല. വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകണമെന്നും മുകേഷ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ആദ്യമായാണ് സ്വന്തം പേരിന് വോട്ടു ചെയ്യുന്നത്. കലാകാരനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എന്ന ചോദ്യത്തിന് അതൊന്നും ആർക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരൻ എന്ന് പറഞ്ഞു അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു. മാനസികമായി അത് വിഷമം ഉണ്ടാകുന്നു. തത്കാലം രാഷട്രീയമായി തന്നെ നിൽക്കട്ടെ' എന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.
കൊല്ലത്ത് ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. വോട്ടിംഗ് ശതമാനം ഉയർന്നാൽ വിധി എൽഡിഎഫിന് അനുകൂലമാകുമെന്നും മുകേഷ് പറഞ്ഞു. പ്രേമചന്ദ്രന് എതിരെ സിപിഎം ലഘുലേഖകൾ വിതരണം ചെയ്തിട്ടില്ല. പ്രേമചന്ദ്രന്‍റെ പരാതി കൊടുത്തിട്ടുണ്ടല്ലോ, അക്കാര്യം അന്വേഷിക്കട്ടെ.ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല. മത്സരം രാഷ്ട്രീയത്തിൽ മാത്രമാണ്. ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ. സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്നും മുകേഷ് പറഞ്ഞു.