ഒരാളെ കാണുമ്പോള്‍ മാറുന്നതല്ല എന്റെ രാഷ്ട്രീയം: ഇപി ജയരാജൻ
അഡ്മിൻ
മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിവാദം ആസൂത്രിതമാണെന്നും പിന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ആണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'വേട്ടയാടലാണ് നടക്കുന്നത്. ഇടതും വലതുമായ രാഷ്ട്രീയക്കാര്‍ ഇവിടെ വരാറുണ്ട്. ആരെങ്കിലും വന്നാല്‍ സംസാരിക്കാന്‍ ഇഷ്ടമല്ലെങ്കിലും ഇറങ്ങിപോകാന്‍ പറയാറില്ല. ചായ കൊടുക്കാന്‍ പറ്റിയാല്‍ അത് ചെയ്യും. ശീലമാണ്. മാര്‍ച്ച് 5, 2023 ല്‍ പേരക്കുട്ടിയുടെ പിറന്നാള്‍ ദിവസമാണ് പ്രകാശ് ജാവദേക്കറും ദല്ലാള്‍ നന്ദകുമാറും എത്തിയത്. അപ്രതീക്ഷിതമായിരുന്നു വരവ്.
ഇതുവഴി പോകുന്ന അവസരത്തില്‍ കയറിയതാണെന്നും പരിചയപ്പെടാന്‍ കയറിയതാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷമുണ്ടെന്നും പാര്‍ട്ടി യോഗമുണ്ടെന്നും പറഞ്ഞ് ഞാന്‍ ഇറങ്ങി. മൂന്നോ നാലോ മിനിറ്റേ കൂടിക്കാഴ്ച്ച നടന്നുള്ളൂ. ഒന്നിച്ചാണ് ഇറങ്ങിയത്. ഇതാണ് സംഭവിച്ചത്.' ഇ പി ജയരാജന്‍ വിശദീകരിച്ചു.
സംഭവിച്ചത് ഇതാണെന്നിരിക്കെ സിപിഐഎം വിട്ട് താന്‍ ബിജെപിയാകാന്‍ പോകുന്നുവെന്ന തരത്തിലാണ് പ്രചാരണം നടത്തിയത്. മാധ്യമങ്ങള്‍ പരിശോധന നടത്തിയില്ല. ആസൂത്രിതമായാണ് തിരഞ്ഞെടുപ്പ് തലേദിവസം വാര്‍ത്ത പ്രചരിപ്പിച്ചത്.
കെ സുധാകരനും ശോഭാ സുരേന്ദ്രനും ചില മാധ്യമ മേധാവികളും അറിഞ്ഞുകൊണ്ടാണ് ഇത് ചെയ്തതെന്നും ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു. 'ശോഭാ സുരേന്ദ്രനുമായി പരിചയമില്ല. ഉമ്മൻ ചാണ്ടി മരിച്ച വേളയിലാണ് ശോഭാ സുരേന്ദ്രനെ അടുത്തുകണ്ടത്. അങ്ങനെയൊരാള്‍ എന്തെങ്കിലും ആരോപിക്കുമ്പോള്‍ സത്യത്തിന്റെ അംശം പരിശോധിക്കാതെ വാര്‍ത്ത നല്‍കുകയാണോ വേണ്ടത്.
സമരത്തിനല്ലാതെ ഈയടുത്തൊന്നും ഡല്‍ഹി സന്ദര്‍ശനം നടത്തിയിട്ടില്ല. സത്യമുള്ള വാര്‍ത്തകള്‍ കൊടുത്തോളൂ. ഒരാളെ കാണുമ്പോള്‍ മാറുന്നതല്ല എന്റെ രാഷ്ട്രീയം. പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്.' എന്നായിരുന്നു ഇ പി ജയരാജന്റെ വാക്കുകള്‍.