സ്‌കൂള്‍ തലത്തിലുള്ള ഗ്രേസ് മാര്‍ക്ക് മാനദണ്ഡത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് സ്‌കൂള്‍ തലത്തിലുള്ള ഗ്രേസ് മാര്‍ക്ക് മാനദണ്ഡത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഗ്രേസ് മാര്‍ക്ക് മാത്രം പരിഗണിച്ചാല്‍ മതിയെന്നും ബോണസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ പിന്തള്ളുന്നുവെന്ന്‌ വിലയിരുത്തിയാണ് നടപടി.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിഗ്രേസ് മാര്‍ക്ക് മാനദണ്ഡങ്ങളാണ് പരിഷ്‌കരിച്ചത്. എട്ട്, ഒന്‍പത് ക്ലാസില്‍ സംസ്ഥാനതല മത്സരത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ പത്താം ക്‌ളാസില്‍ റവന്യൂ ജില്ലാ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാര്‍ക്ക് ലഭിക്കും.

കായിക മത്സരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാര്‍ക്ക് ഒരിക്കല്‍ നല്‍കുന്നതിനാല്‍ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ബോണസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സ്‌കൂള്‍ തലത്തില്‍ കലാ-കായിക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് അടക്കം നേടുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയര്‍ സെക്കന്ററി പ്രവേശനത്തിന് ബോണസ് മാര്‍ക്ക് കൂടി നല്‍കുന്നുണ്ട്. ഇതു അക്കാദമിക രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.

28-Apr-2024