കൈ തരിപ്പ് മാറ്റാന്‍ പറ്റിയ ചീര്‍ത്ത കവിളുകള്‍ ഉള്ളവര്‍ ബിജെപിയില്‍ തന്നെയുണ്ട്: ശോഭാ സുരേന്ദ്രനോട് എച്ച് സലാം എംഎല്‍എ

തന്റെ കരണകുറ്റിക്ക് അടിക്കുമെന്ന് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി എച്ച് സലാം എംഎല്‍എ. കൈ തരിപ്പ് മാറ്റാന്‍ പറ്റിയ ചീര്‍ത്ത കവിളുകള്‍ ഉള്ളവര്‍ ബിജെപിയില്‍ തന്നെയുണ്ടെന്നും അവരുടെ ചെകിട്ടത്ത് അടിച്ച് ശോഭ കൈയുടെ തരിപ്പ് തീര്‍ത്താല്‍ മതിയെന്നുമാണ് സലാം പറഞ്ഞത്. ഒരു കരണത്ത് അടിക്കുമ്പോള്‍ മറുകരണം കാണിച്ച് തരുന്നവരല്ല, ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.

‘ഉണ്ടയില്ലാ വെടി പൊട്ടിച്ച് രാഷ്ട്രീയത്തില്‍ ജീവിക്കുന്ന ശോഭ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരണ്ട. 10 ലക്ഷം കൈപ്പറ്റിയെന്ന് നിങ്ങള്‍ തന്നെ സമ്മതിച്ച നന്ദകുമാര്‍ നിങ്ങളെ കുറിച്ച് പറഞ്ഞ ലക്ഷങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് കോടതിയില്‍ ഒരു മാനനഷ്ടക്കേസ് കൊടുത്ത് അന്തസ് കാണിക്ക്.

ശോഭ പണം ചോദിക്കുന്ന ഓഡിയോ തയ്യാറാക്കി പുറത്തുവിട്ടത് ദല്ലാള്‍ നന്ദകുമാര്‍ ആണെന്ന് പത്രസമ്മേളനത്തില്‍ പറയുന്നത് കേട്ടു.’ അത് വ്യാജമാണെങ്കില്‍ എന്തുകൊണ്ടാണ് നന്ദകുമാറിനെതിരെ വ്യാജനിര്‍മ്മിതി ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന്‍ നിയമനടപടി സ്വീകരിക്കാത്തതെന്നും എച്ച് സലാം ചോദിച്ചു.

30-Apr-2024