ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിവിധ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസയച്ചത്.
ഇപി ജയരാജന്‍ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് ഇപി. അദ്ദേഹത്തിന്റെ പാര്‍ട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ്.
1995 ഏപ്രിലില്‍ രണ്ട് ബിജെപിക്കാരാണ് ട്രെയില്‍ വച്ച് ഇപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുന്‍പും ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ശോഭാ സുരേന്ദ്രനെ ഉമ്മന്‍ ചാണ്ടി മരിച്ച സമയത്ത് വളരെ ദൂരെവച്ച് കണ്ടിട്ടുള്ളത് മാത്രമേയുള്ളൂവെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തകനാണ് താന്‍. കേരളത്തില്‍ ബിജെപിയുടെ സ്ഥിതി നോക്കൂ. ഒരു അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവര്‍ ആരെങ്കിലും ബിജെപിയില്‍ ചേരുമോ? കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തകനാണ് താന്‍. അങ്ങനെയുള്ള താന്‍ ബിജെപിയില്‍ ചേരുമെന്ന് ആരെങ്കിലും കരുതുമോ എന്നും ഇ പി ജയരാജന്‍ ചോദിച്ചു.
രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാത്ത പശ്ചാത്തലത്തില്‍ ജാവദേക്കര്‍ തന്നെ കണ്ടകാര്യം പാര്‍ട്ടിയോട് പറയേണ്ടതില്ലല്ലോ എന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം സിവില്‍–ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസ്. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആരോപിക്കുക വഴി ഇപിയെ മാത്രമല്ല പാര്‍ട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ് എന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.