മേയർ ആര്യ രാജേന്ദ്രൻ്റെ ഫോണിലേക്ക് അശ്ലീല സന്ദേശം; പരാതി നൽകി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്(Arya Rajendran) നേരെ സൈബർ ആക്രമണം രൂക്ഷം. കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെയാണിത്. മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്. ഇതോടെ പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നഗരസഭാ സെക്രട്ടറി പരാതി നൽകി. കെഎസ്ആർടിസി ഡ്രൈവർ യദുവുമായി ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെ മേയർ നൽകിയ പരാതി പ്രകാരം കേസെടുത്തിരുന്നു.

അതേസമയം സംഭവ സ്ഥലത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട ശേഷമായിരുന്നു വാക്പോര്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നത്.

ശനിയാഴ്ച രാത്രി 9.45-ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിലാണ് സംഭവം. പ്ലാമൂട് - പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ഒടുവിൽ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നേരത്തെ ബസ് തടഞ്ഞില്ലെന്ന് മേയർ പറഞ്ഞിരുന്നു.

ഇതിനിടെ മേയറുമായി തർക്കത്തിൽ ഏർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി ആരംഭിച്ചു. ഡ്രൈവർ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും യദുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

01-May-2024