ന്യൂസ്‌ക്ലിക്ക് എഡിറ്ററുടെ അറസ്റ്റിൽ പോലീസിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകയസ്തയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിനെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി. അത് ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തിൻ്റെ അഭിഭാഷകനെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

"എന്തുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തിൻ്റെ അഭിഭാഷകനെ മുൻകൂട്ടി അറിയിക്കാത്തത്? ഒരു ദിവസം വൈകുന്നേരം പ്രബീറിനെ അറസ്റ്റ് ചെയ്തു. അഭിഭാഷകനെ അറിയിക്കാൻ നിങ്ങൾക്ക് ഒരു ദിവസം മുഴുവൻ ഉണ്ടായിരുന്നു. എന്നിട്ടും രാവിലെ 6 മണിക്ക് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എന്താണ് തിടുക്കം?" ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു.

"നിങ്ങൾക്ക് അദ്ദേഹത്തെ രാവിലെ 10 മണിക്ക് ഹാജരാക്കാമായിരുന്നു. നീതിയുടെ തത്വങ്ങൾ പ്രകാരം രാവിലെ 10-നോ 11-നോ ഹാജരാക്കണം, അദ്ദേഹത്തിൻ്റെ അഭിഭാഷകനെ അറിയിക്കണം." ബെഞ്ച് കൂട്ടിച്ചേർത്തു. അഭിഭാഷകനെ അറിയിക്കുന്നതിന് മുമ്പായി പുർകയസ്തയുടെ റിമാൻഡ് ഉത്തരവ് വന്നതിൽ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു.

"നീതി നടപ്പാക്കുക മാത്രമല്ല, അത് നടന്നതായി തോന്നുകയും വേണം." അറസ്റ്റ് നടക്കുമ്പോൾ അന്വേഷണ ഏജൻസിയുടെ പെരുമാറ്റത്തെയും കോടതി ചോദ്യം ചെയ്തു. തൻ്റെ കക്ഷിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പുർകയസ്തയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചതിന് പിന്നാലെയാണ് പരാമർശം.

"2023 ഒക്ടോബർ 3 ന് വൈകുന്നേരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ അടുത്ത ദിവസം തന്നെ രാവിലെ 6 മണിക്ക് അഭിഭാഷകൻ അദ്ദേഹത്തോടൊപ്പം ഹാജരാകാതെ വിചാരണ കോടതിയിൽ ഹാജരാക്കി." അറസ്റ്റിൻ്റെ അടിസ്ഥാനം പുർകയസ്തയ്ക്ക് നൽകിയിട്ടില്ലെന്നും കപിൽ സിബൽ പറഞ്ഞു.

പകരം ഒരു റിമാൻഡ് അഭിഭാഷകൻ അവിടെ ഹാജരായതായി സിബൽ പറഞ്ഞു. രാവിലെ 6 മണിക്ക് പുർകയസ്തയെ കോടതിയിൽ ഹാജരാക്കിയെന്നും റിമാൻഡ് ഓർഡർ രാവിലെ 6 മണിക്ക് പാസാക്കിയെന്നും റിമാൻഡ് അപേക്ഷ ഒരു മണിക്കൂറിന് ശേഷം 7 മണിക്ക് ശേഷം വാട്‌സ്ആപ്പ് വഴി പുർക്കയസ്തയുടെ അഭിഭാഷകന് അയച്ചുവെന്നും സിബൽ വാദിച്ചു. അറസ്റ്റിനുള്ള കാരണം നൽകുന്ന കാര്യത്തിൽ ഏജൻസി സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണെന്നും കപിൽ സിബൽ വാദിച്ചു.

01-May-2024