കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി
അഡ്മിൻ
ഇന്ത്യയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് വിശദീകരണം.
എന്നാൽ ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും മോദി ചിത്രം നീക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.
നേരത്തെ കൊവിഡ് സർട്ടിഫിക്കറ്റിൽ മോദി ചിത്രം നൽകുന്നതിനെതിരെ വലിയ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ തള്ളിക്കളയുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
കൊവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചത്.