ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം. വീണ്ടും ഒരു മെയ് മൂന്ന് ആചരിക്കുമ്പോള്‍ ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ പലഭാഗത്തും അഭിപ്രായ സ്വാതന്ത്ര്യം പോലും ഭീഷണി നേരിടുകയാണ്. സത്യം മറയില്ലാതെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാധ്യസ്ഥരായാവരാണ് മാധ്യമങ്ങള്‍.
എന്നാല്‍ ഭീഷണികളും അക്രമണങ്ങളും സെന്‍സര്‍ഷിപ്പുകളും വെല്ലുവിളി ഉയര്‍ത്തുന്ന ആധുനിക ലോക ക്രമത്തില്‍ വലിയ പ്രതിസന്ധിയാണ് മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത്. 1991ലെ യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സിന്റെ ശുപാര്‍ശയെത്തുടര്‍ന്ന്, 1993-ലെ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയിലാണ് എല്ലാ വര്‍ഷവും മെയ് 3-ന് പത്രസ്വാതന്ത്ര്യ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
1994-ലാണ് ആദ്യത്തെ പത്രസ്വാതന്ത്ര്യ ദിനം ആചരിച്ചത്. 'എ പ്രസ് ഫോര്‍ ദി പ്ലാനറ്റ്': പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ മാധ്യമപ്രവര്‍ത്തനം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം.
നിലവിലെ ആഗോള പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി 2024-ലെ ലോക പത്രസ്വാതന്ത്ര്യ ദിനം സമര്‍പ്പിക്കുന്നു. കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സ്മരിക്കുകയും ആദരിക്കുകയും കൂടിയാണ് ഈ ദിവസം.
മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യയും
ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനയായ ഫ്രീ സ്പീച്ച് കളക്ടീവ് തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍സാക്ഷ്യമാണ്. 2024 ജനുവരി മുതല്‍ ഏപ്രില്‍ 30 വരെ രാജ്യം സുപ്രധാനമായ തിരഞ്ഞെടുപ്പിലേക്ക് ചുവടുവച്ച ദിവസങ്ങളില്‍ 34 മാധ്യമ പ്രവര്‍ത്തകര്‍ അക്രമത്തിന് വിധേയരായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മോദി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവകാശം നിഷേധിച്ച 134 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ഭീഷണികള്‍, അപകീര്‍ത്തികരമായ കേസുകള്‍, മാധ്യമങ്ങളുടെ സെന്‍സര്‍ഷിപ്പ്, മാധ്യമങ്ങള്‍ക്കെതിരായ നിയമം, ഇന്റര്‍നെറ്റ് നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.