കെജ്‌രിവാളിന് ഇടക്കാല ജാമ്യം; മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും

മദ്യനയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി.ഡെല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു. മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിന് ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടാന്‍ കഴിയുമോ ഇല്ലയോ എന്ന് കോടതി ചോദിച്ചു. പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാളിനെ അറസ്റ്റ് ചെയതതെന്തിനാണ് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് മെയ് 3 നകം മറുപടി നല്‍കാന്‍ സുപ്രീം കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.

'സ്വാതന്ത്ര്യത്തിന് അത്യധികം പ്രാധാന്യമുണ്ട്, നിങ്ങള്‍ക്ക് അത് നിഷേധിക്കാനാവില്ല. അവസാനത്തെ ചോദ്യം പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവര്‍ ചൂണ്ടിക്കാണിച്ച അറസ്റ്റിന്റെ സമയത്തെക്കുറിച്ചാണ്.' ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഖന്ന പറഞ്ഞു. ഡെല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മെയ് ഏഴ് വരെ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

03-May-2024