കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പില്‍: എ എ റഹിം
അഡ്മിൻ
വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം. ഷാഫി പറമ്പില്‍ രാഷ്ട്രീയ കുമ്പിടിയാണെന്നും ഷാഫിയുടേത് മത ന്യൂനപക്ഷ വര്‍ഗീതയാണെന്നും റഹീം വിമര്‍ശിച്ചു.
രാഷ്ട്രീയ മത്സരത്തിന് പകരം വ്യാജ നിര്‍മ്മിതിയാണ് വടകരയില്‍ നടന്നത്. പാലക്കാട് കാവി പുതയ്ക്കുന്ന ഷാഫി പറമ്പില്‍ വടകരയില്‍ എത്തുമ്പോള്‍ മറ്റൊരു കോടി പുതയ്ക്കുന്നു. മുസ്ലിം ലീഗിന്റെ മേലില്‍ ചാരിനില്‍ക്കുന്ന ചട്ടമ്പിയായി കോണ്‍ഗ്രസ് മെലിഞ്ഞുപോയെന്നും ഡിവൈഎഫ്‌ഐ വടകരയില്‍ സംഘടിപ്പിച്ച 'യൂത്ത് അലെര്‍ട്ട്' പരിപാടിയില്‍ സംസാരിക്കവേ റഹീം വിമര്‍ശിച്ചു.
വ്യാജ നിര്‍മ്മിതികളുടെ യുദ്ധമുനമ്പ് സൃഷ്ടിക്കാനായിരുന്നു കോണ്‍ഗ്രസ് വടകരയില്‍ ശ്രമിച്ചത്. സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നയാള്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ്. ഷാഫി പറമ്പില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെയോ ഏക സിവില്‍കോഡിനെതിരെയോ അയോധ്യയിലെ പ്രാണ പ്രതിഷ്ഠയിലോ നട്ടെലുള്ള നിലപാട് പറഞ്ഞതായി ഓര്‍മ്മയുണ്ടോയെന്നും റഹീം ചോദിച്ചു.
ആര്‍എസ്എസിന്റെ പരീക്ഷണ ശാലയാണ് പാലക്കാട്. അവിടെ നഗരസഭയില്‍ നാളിതുവരെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചുണ്ടോ. കാരണം അവരുടെ വോട്ട് നഷ്ടപ്പെടുമെന്നുള്ളതുകൊണ്ടാണെന്നും റഹീം ചൂണ്ടികാട്ടി.
തിരഞ്ഞെടുപ്പിന് മാത്രം ഓഫീസ് തുറക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയല്ല സിപിഎം. ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയ ശ്രമമുണ്ടായാല്‍ നാട് വിഭജിക്കാതിരിക്കാനുള്ള പോരാട്ടത്തിന്റെ നിരയില്‍ ഡിവൈഎഫ്‌ഐ മുന്‍പന്തിയിലുണ്ടാവുമെന്നും റഹീം കൂട്ടിച്ചേർത്തു.