വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്.

ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനും തീരുമാനമുണ്ട്. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

താനും വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറച്ചു. ഓഫീസിലെ 2 എ സി ഒന്നായി കുറച്ചു. ഉപഭോക്താക്കള്‍ രാത്രി സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഉപഭോഗം കൂടിയതോടെ ഇന്നലെ മുതലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തില്‍ പാലക്കാടാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.

04-May-2024