ഡ്രൈവിങ്ങിനിടെ യദു ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചു; പൊലീസ് റിപ്പോര്‍ട്ട്

മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലീസ് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കും. തൃശൂരില്‍നിന്നു യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായാണു പൊലീസിന്റെ കണ്ടെത്തല്‍.

ബസ് നിര്‍ത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റില്‍ താഴെ മാത്രമാണ്. അതുകൊണ്ടു തന്നെ ഫോണ്‍ പിടിച്ചുകൊണ്ടായിരുന്നു യദുവിന്റെ ഡ്രൈവിങ്ങെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായതിലും പൊലീസിന്റെ സംശയം യദുവിലേക്കാണു നീളുന്നത്. സംഭവം നടന്നതിനു പിറ്റേദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിക്കും. മെമ്മറി കാര്‍ഡ് ബസില്‍ ഇട്ടത് എന്നാണെന്ന വിവരവും പൊലീസ് കെഎസ്ആര്‍ടിസിയോടു തേടിയിട്ടുണ്ട്.

05-May-2024