മാസപ്പടി ആരോപണത്തിൽ അന്വേഷണമില്ലെന്ന കോടതി വിധി കുഴൽനാടൻറേയും പ്രതിപക്ഷത്തിൻറേയും നുണ പ്രചരണത്തിനേറ്റ തിരിച്ചടിയെന്ന് ഇപിജയരാജൻ. മുഖ്യമന്ത്രിയേയും മകളേയും ക്രൂരമായി വേട്ടയാടി. കുഴൽനാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്, തെളിവിൻറെ കണിക പോലും ഹാജരാക്കാനായില്ല.
കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു. വിഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചു. കവല പ്രസംഗം കോടതിയിൽ തെളിവാകില്ല. ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല. ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടൻ. എംഎൽഎ സ്ഥാനം അദ്ദേഹം രാജി വയ്ക്കണം. നിയമസഭാ പ്രസംഗത്തിൻറെ പേരിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ യാത്രയെക്കുറിച്ച് എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്നും ഇപി ചോദിച്ചു. നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. യാത്രയെക്കുറിച്ച് പാർട്ടി അറിഞ്ഞിരുന്നു, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങള് തീരുമാനിക്കാം. നിങ്ങളെന്തിനാ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ നിങ്ങള് ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. ഞങ്ങൾ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. അതിനുള്ള അവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ല. അതിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു