ഹര്‍ത്താല്‍ പൂര്‍ണം കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം
അഡ്മിൻ
തിരുവനന്തപുരം : ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫും യു ഡി എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ രാവിലെ ആറുമണിക്ക് ആരംഭിച്ചു. സംസ്ഥാനത്ത് ഹര്‍ത്താലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായുള്ള ജനവികാരമാണ് ഹര്‍ത്താല്‍ വിജയിപ്പിച്ചുകൊണ്ട് നാടാകെ ഉയരുന്നത്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇന്ന് രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
പ്രളയമുണ്ടായ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹര്‍ത്താലില്‍ തടസ്സമുണ്ടാകില്ലെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയെയും ആശുപത്രികള്‍, പത്രം, പാല് തുടങ്ങിയ അവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. സ്വകാര്യ ബസുകള്‍ ഓടില്ല. പോലീസ് സംരക്ഷണമുണ്ടെങ്കില്‍ കെ എസ് ആര് ടി സി സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍, ആരോഗ്യ സര്‍വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല എന്നിവ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള, എംജി സര്‍വകലാശാലകള്‍ 15 വരെയുള്ള പരീക്ഷകള്‍ നേരത്തേ മാറ്റിവച്ചിരുന്നു.
ഇന്ധന വിലവര്‍ധനയ്ക്കെതിരെ ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സര്‍ക്കാര്‍ എന്നതിനേക്കാളും ജനങ്ങളെ കൊള്ളയടിക്കുന്ന, ലാഭം മാത്രമുള്ള കമ്പനിയാണു നരേന്ദ്രമോദി നയിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാജ്യത്തെ ജനങ്ങളില്‍ നിന്നു മാത്രം 11 ലക്ഷം കോടി രൂപയാണ് മോദി കൊള്ളയടിച്ചതെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മുന്നില്‍ ബി ജെ പി മൗനം പാലിക്കുകയാണ്.
രാജ്യത്താകമാനം ഇന്ധനവിലയ്ക്കെതിരെ പ്രതിഷേധം ഉയരുമ്പോള്‍, ബാഹ്യഘടകങ്ങളാണ് ഇന്ധന വിലവര്‍ധനയ്ക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാരും പ്രധാന ഭരണകക്ഷിയായ ബി ജെ പിയും അവകാശപ്പെടുന്നത്. എന്നാല്‍, അയല്‍രാജ്യങ്ങളിലെ കുറഞ്ഞ നിരക്കിനെപ്പറ്റി ഇവര്‍ക്ക് വിശദീകരണം നല്കാനാവുന്നില്ല.
സാമ്പത്തികശക്തിയെന്ന നിലയില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നോക്കമായ പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ ഇന്ധനവില ഏറെ കുറവാണ്. പെട്രോളിനും ഡീസലിനും പൂര്‍ണമായി ഇന്ത്യയെ ആശ്രയിക്കുന്ന നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളിലും ഇന്ധനവില കുറഞ്ഞ നിരക്കില്‍ ത്തന്നെ. സെപ്തംബര്‍ മൂന്നിന്റെ നിരക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ത്യന്‍ രൂപയില്‍ 53.36 മാത്രമാണ് വില. പാകിസ്ഥാനിലാകട്ടെ 54.08 ഉം ശ്രീലങ്കയില്‍ 69.94 ഉം ബംഗ്ലാദേശില്‍ 76.43 രൂപയുമാണ്. ആഭ്യന്തരസംഘര്‍ഷങ്ങളാല്‍ കലുഷിതമായ അഫ്ഗാനിസ്ഥാനില്‍ പെട്രോള്‍ ഇന്ത്യയിലേതിനേക്കാള്‍ 30 രൂപയോളം കുറച്ചാണ് വില്‍ക്കുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെടുന്ന ബാഹ്യഘടകങ്ങള്‍ അഫ്ഗാനെ പോലെ സാമ്പത്തികമായി ദുര്‍ബലപ്പെട്ട ഒരു രാജ്യത്തിന് ബാധകമല്ലേയെന്ന ചോദ്യമാണുയരുന്നത്.
ഭൂട്ടാനില്‍ പെട്രോള്‍വില സെപ്തംബര്‍ മൂന്നിലെ കണക്കുപ്രകാരം 64.17 ഇന്ത്യന്‍ രൂപയാണ്. നേപ്പാളിലാകട്ടെ 69.94 രൂപയും. ഡീസലിന്റെ കാര്യത്തിലും സമാനസ്ഥിതിതന്നെ. നേപ്പാളില്‍ ഡീസല്‍ വില ലിറ്ററിന് 59.85 രൂപയാണ്. ഭൂട്ടാനിലാകട്ടെ 62.01 രൂപയും. ഇന്ത്യയില്‍ ഡീസല്‍ വില ലിറ്ററിന് 70 രൂപയും കടന്ന് കുതിക്കുമ്പോഴാണ് ഇവിടെനിന്ന് ഡീസല്‍ വാങ്ങുന്ന നേപ്പാളും ഭൂട്ടാനും കുറഞ്ഞ നിരക്കില്‍ ഇന്ധനം വില്‍ക്കുന്നത്.
മോഡി സര്‍ക്കാരിന്റേതുപോലെ അമിതനികുതിയെന്ന ലാഭക്കൊതിയില്ലാത്തതിനാലാണ് ഇവിടങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിക്കുന്നത്.
ഡീസലിന്റെ കാര്യത്തിലും ഇന്ത്യയിലേതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് മറ്റ് രാജ്യങ്ങളിലും. അഫ്ഗാനിസ്ഥാനില്‍ വില ലിറ്ററിന് 43.98 രൂപ മാത്രമാണ്. ശ്രീലങ്കയില്‍ 52.64 ഉം ബംഗ്ലാദേശില്‍ 55.52 ഉം പാകിസ്ഥാനില്‍ 62.01 രൂപയും. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ് പല അയല്‍രാജ്യങ്ങളിലും ഇന്ധനവില ഇന്ത്യയിലേതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലായിരുന്നെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.
10-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ