കാൽനൂറ്റാണ്ട് നീണ്ട നിയമ പോരാട്ടം; കേസിന്‍റെ നാള്‍വഴികള്‍
അഡ്മിൻ
1994 നവംബർ 30: മാലി സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ചോർത്തിക്കൊടുക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയുള്ള ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുന്നു. ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് വേണ്ടിയാണ് ഐഎസ്ആർഒ ഉദ്യോഗസ്ഥരായ നമ്പി നാരായണനും ശശികുമാറും വിവരങ്ങൾ ചോർത്തിയതെന്ന് രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ ആരോപണം. 50 ദിവസം നമ്പി നാരായണൻ ജയിലില്‍ കിടക്കുന്നു.
1994 ഡിസംബർ 3: അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറി.
1996: ചാരക്കേസ് വ്യാജമാണെന്ന കണ്ടെത്തലുകളോടെ സിബിഐ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.
1996: സിബിഐ അന്വേഷണം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. തുടര്‍ന്ന് നായനാര്‍ സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നു.
1996 : പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിന് എതിരെ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു.
1997 ജനുവരി: പ്രത്യേക സംഘത്തെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി. നമ്പി നാരായണന്‍റെ ഹര്‍ജി തള്ളി.
1997: ഹൈക്കോടതി വിധിക്ക് എതിരെ നമ്പി നാരായണന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
1997-1998 : സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന് ഒപ്പം നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്ക് എത്തുന്നു. സിബി മാത്യൂസ്, കെകെ ജോഷ്വ, വിജയന്‍ തുടങ്ങി അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് റിപ്പോര്‍ട്ട്. പ്രൊഫഷനല്‍ അല്ലാത്ത രീതിയില്‍ പെരുമാറി, ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വന്നു എന്നിങ്ങനെ കണ്ടെത്തലുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സുപ്രീം കോടതി വിധി വരും വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ നിര്‍ദ്ദേശം.
1998: രൂക്ഷ വിമര്‍ശനത്തോടെയും ശ്രദ്ധേയമായ നിരീക്ഷണങ്ങളോടെയും ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പ്രത്യേക സംഘത്തെ നിയമിച്ചു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് നിയമ നടപടികളുടെ ദുരുപയോഗമെന്നു സുപ്രീം കോടതി. നിയമ വാഴ്ചയില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യമെന്ന് വിമര്‍ശനം. ‘കൂടുതല്‍ ഒന്നും പറയുന്നില്ല’. പ്രതിചേർത്തിരുന്ന മറിയം റഷീദ, ഫൗസിയ ഹസൻ, നമ്പി നാരായണൻ, ചന്ദ്രശേഖരൻ, എസ്.എ ശർമ്മ എന്നിവർക്ക് കോടതി ചെലവിനത്തില്‍ സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശം.
1998- 2010: സുപ്രീം കോടതി വിധി വന്നതിനു ശേഷവും സിബിഐ രഹസ്യ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ല. സര്‍ക്കാരുകള്‍ മാറി വന്നു. റിപ്പോര്‍ട്ട് നിലനില്‍ക്കെ തന്നെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റം നല്‍കുന്നു.
2001: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
2010: ഒന്നര വര്‍ഷത്തെ അന്വേഷണത്തിനു ശേഷം സിബിഐ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
2011: സിബിഐ രഹസ്യ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം.
2012: ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കോടതി നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചില്ല, ഉദ്യോഗസ്ഥര്‍ വിരമിച്ചു, കാലപ്പഴക്കമുള്ള കേസ് എന്നീ കാരണങ്ങളാല്‍ ആണ് നടപടി ഒഴിവാക്കിയത്.
2012: സര്‍ക്കാര്‍ ഉത്തരവിന് എതിരെ നമ്പി നാരായണന്‍ കേരള ഹൈക്കോടതിയെ സമീപിക്കുന്നു. സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അല്ലെങ്കില്‍ നിയമ വാഴ്ചയില്ലെന്ന് കരുതുമെന്നും ജസ്റ്റിസ് രാമകൃഷ്ണപിള്ളയുടെ സിംഗിള്‍ ബെഞ്ച് വിധി.
2012: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ച പത്തു ലക്ഷം രൂപ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
2013: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ നടപടി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി.
2015: ആരോപണ വിധേയനായ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് തള്ളി. നടപടി വേണ്ടെന്ന 2012ലെ സര്‍ക്കാര്‍ തീരുമാനം ശരിവച്ചു.
2015: ഹൈക്കോടതി വിധിക്ക് എതിരെ നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചു.
2018 ജനുവരി: നമ്പി നാരായണന്‍റെ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കുന്നു.
2018 ജൂലൈ 10: നമ്പി നാരായണന്റെ ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് വിധി പറയാനായി മാറ്റുന്നു.
2018 സെപ്റ്റംബർ 14: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും സുപ്രീം കോടതി വിധിച്ചു
14-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ