മുഖ്യമന്ത്രിയുടെ സൂര്യതേജസ് കൃത്രിമമായി നിർമിച്ചതല്ല: ടി.പി. രാമകൃഷ്ണന്
അഡ്മിൻ
പി.വി. അൻവറിനെ തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. അൻവർ ശത്രുക്കളുടെ കയ്യിൽ കിടന്ന് കളിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമിച്ചതല്ല, ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രിയെന്നും രാമകൃഷ്ണൻ പറഞ്ഞു.
അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇത്തരത്തിൽ ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണ്.
മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാന രഹിതമാണ്. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസ് ഇത്തരം വർത്തമാനം കൊണ്ട് കെട്ടുപോകില്ല. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായാണ് അൻവർ പ്രവർത്തിക്കുന്നത്. ഈ നിലപാട് തിരുത്താൻ അദ്ദേഹം തയാറാവണം.
സിപിഎം അംഗമാണെങ്കിൽ അൻവറിനെ സസ്പെൻഡ് ചെയ്യാമായിരുന്നു. എന്നാൽ അദ്ദേഹം സ്വതന്ത്ര എംഎൽഎയാണ്. അനുദിനം ഓരോ പുതിയ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ല.- ടി.പി. രാമകൃഷ്ണൻ പറഞ്ഞു.