മതന്യൂനപക്ഷങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താൻ നീക്കം: എ കെ ബാലൻ

എംഎൽഎ പി വി അൻവർ തീകൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. നിസ്കരിക്കാൻ പാടില്ലെന്ന് പി വി അൻവറിനോട് ആരെങ്കിലും പറഞ്ഞോ എന്ന് എ കെ ബാലൻ ചോദിച്ചു.

സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് നീക്കം. ഇടതുപക്ഷത്തിന് അനുകൂലമായി നിലപാടെടുക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് പി വി അൻവർ ശ്രമിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു. നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയർത്തുന്നു.

അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. ‘മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലൻ ചോദിച്ചു. അൻവറിന്‍റെ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പിണറായിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിയില്‍ തകർക്കാനാണ് അന്‍വറിന്‍റെ ശ്രമം. ജീവൻ പണയം വച്ച് അവർക്കൊപ്പം നിന്നയാളാണ് പിണറായി.

മാറാട് കലാപങ്ങളിൽ ഇടപെടൽ നടത്തിയത് പിണറായിയാണ്. ഇതുകൊണ്ടൊന്നും പിണറായിയേയും, ഇടത് പക്ഷത്തേയും തകർക്കാനാവില്ല. അന്വേഷണം നടക്കാതെ ഒരു ഡിജിപിയെ സസ്പെൻഡ് ചെയ്തതിന്‍റെ ഫലം നേരത്തെ അറിഞ്ഞതാണ്. പിണറായിയും അങ്ങനെ ചെയ്യണമെന്നാണോ അൻവർ ഉദ്ദേശിക്കുന്നതെന്നും എകെബാലന്‍ ചോദിച്ചു

30-Sep-2024