മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം. ‘മനാഫ് അവസരം മുതലെടുക്കുന്നു. മനാഫ് ഒരുപാട് ചൂഷണം ചെയ്യുന്നു. അമ്മയുടെ വൈകാരികത ചൂഷണം ചെയ്ത് മാര്‍ക്കറ്റിങ് നടത്തി. കുടുംബത്തിന്റെ വൈകാരികതയെ ചിലര്‍ ചൂഷണം ചെയ്തു.

അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിക്കുന്നു. കുടുംബത്തിന് പണത്തിന്റെ ആവിശ്യമില്ല. ഫണ്ട് പിരിവ് ഇനിയും തുടര്‍ന്നാല്‍ നിയമനടപടിയെടുക്കുമെന്നും അര്‍ജുന്റെ കുടുംബം. അര്‍ജുന് 75000 രൂപ സാലറിയുണ്ടായിരുന്നെന്ന് കള്ളം പറഞ്ഞ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.

മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു.

അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകൾ.

അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. ഇങ്ങനെയൊരു കൂടിക്കാഴ്ച അര്‍ജുനെ കാണാതായ സംഭവം നടന്ന അന്ന് മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു.

02-Oct-2024