ബിജെപി നേതാവ് രൂപ ഗാംഗുലി അറസ്റ്റിൽ

മുൻ ബിജെപി എംപി രൂപ ഗാംഗുലിയെ അറസ്റ്റ് ചെയ്ത് ബംഗാൾ പൊലീസ്. ബാൻസ്ദ്രോണി അപകടത്തിൽ അറസ്റ്റിലായ ബിജെപി നേതാവിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ഇവർ ധർണ നടത്തിയിരുന്നു.പിന്നാലെ പൊലീസിൻ്റെ ജോലി തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.

ബാൻസ്ദ്രോണിയിൽ ഗാന്ധി ജയന്തി ദിനത്തിലുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർഥി മരിച്ചതോടെയാണ് സംഘർഷം ആരംഭിക്കുന്നത്. ട്യൂഷൻ സെൻ്ററിന് സമീപം നിൽക്കുകയായിരുന്ന വിദ്യാർഥിയെ ജെസിബി ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിൻ്റെ ശോച്യാവസ്ഥയെ തുടർന്നാണ് അപകടമെന്ന് നാട്ടുകാർ പറയുന്നു. പിന്നാലെ ഇവർ ജെസിബി തകർത്തു.

തുടർന്ന് ബിജെപി നേതാവ് റൂബി മൊണ്ടലുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെയാണ് വിദ്യാർഥിയുടെ മരണത്തിന് ഉത്തരവാദിയായ ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബിജെപി നേതാക്കളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് രൂപ ഗാംഗുലി ബാൻസ്ദ്രോണി പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.

04-Oct-2024