റാഫേലില്‍ കുടുങ്ങി മോഡി

ന്യൂഡല്‍ഹി : റഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഇന്ത്യന്‍ പ്രതിരോധമേഖലയിലെ ഏറ്റവും വലിയ അഴിമതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതോടെ കടുത്ത പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാര്‍ മറുപടിയൊന്നുമില്ലാതെ നിശബ്ദമായി. റാഫേല്‍ അഴിമതി ആരോപണം ഉന്നയിക്കുന്നവരെ ടിപ്പിക്കല്‍ സംഘി ശൈലിയില്‍ രാജ്യദ്രോഹികളായി ചിത്രീകരിച്ച്  ഒളിച്ചോടാനാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരവും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്.

ഇന്ത്യയുടെ  നിര്‍ദേശപ്രകാരമാണ് 59,000 കോടി രൂപയുടെ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയതെന്ന് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വാ ഓളന്ദ്  വെളിപ്പെടുത്തിയതിനോട് പ്രതികരിക്കാന്‍  പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഇതുവരെയും തയ്യാറായില്ല. ബി ജെ പി അധ്യക്ഷനോ, ആര്‍ എസ് എസ് സര്‍ സംഘ ചാലകോ ഈ വിഷയത്തില്‍ അഭിപ്രായമൊന്നും പറയുന്നുമില്ല. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ മറുപടി കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് 36 റഫേല്‍ വിമാനങ്ങള്‍ പ്രാഥമിക ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ മറികടന്ന് ഇന്ത്യ വാങ്ങുമെന്ന് 2015ല്‍ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന് മുമ്പ് അദ്ദേഹം നാഗ്പൂരിലെ ആര്‍ എസ് എസ് കാര്യാലയം സന്ദര്‍ശിച്ചിരുന്നു. ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി സംഘത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് അഴിമതിയ്ക്ക് തയ്യാറായത് എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഓളന്ദ് തന്റെ നിലപാട് ആവര്‍ത്തിക്കുമ്പോള്‍ റഫേല്‍ നിര്‍മാതാക്കളായ ദസ്സാള്‍ട്ടാണ് റിലയന്‍സിനെ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്നുമാത്രം ഫ്രഞ്ച് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, റഫേല്‍ കരാറിനായി ദസ്സാള്‍ട്ടും പൊതുമേഖലസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) തമ്മിലാണ് ചര്‍ച്ച നടത്തിയത്. ദസ്സാള്‍ട്ടും എച്ച്എഎല്ലും പ്രതിരോധവകുപ്പും ധാരണയിലേക്ക് നീങ്ങുകയാണെന്ന് മോഡിയുടെ 2015 ഏപ്രിലിലെ പാരീസ് സന്ദര്‍ശനത്തിന് രണ്ടു ദിവസംമുമ്പ്  വിദേശസെക്രട്ടറി എസ് ജയ്ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉത്തരവാദിത്തം പങ്കിടാന്‍ സന്നദ്ധമാണെന്ന എച്ച്എഎല്‍ ചെയര്‍മാന്റെ പ്രസ്താവന സ്വാഗതംചെയ്യുന്നതായും അന്തിമകരാര്‍ ഒപ്പിടാന്‍ കാത്തിരിക്കുകയാണെന്നും ദസ്സാള്‍ട്ട് സിഇഒയും ഇതേദിവസങ്ങളില്‍ പറഞ്ഞു.

ആകെ 126 വിമാനം വാങ്ങാനായിരുന്നു ധാരണ. 18 എണ്ണം ഫ്രാന്‍സില്‍ നിര്‍മിക്കും. സാങ്കേതികവിദ്യ എച്ച്എഎല്ലിനു കൈമാറി ബാക്കി ഇന്ത്യയിലും നിര്‍മിക്കാനായിരുന്നു കരാര്‍. മോഡി പാരീസില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം എച്ച്എഎല്‍ ചിത്രത്തിനു പുറത്തായി. ഫ്രഞ്ച് സര്‍ക്കാരുമായി താന്‍ നേരിട്ട്  നടത്തിയ ചര്‍ച്ചയില്‍ 36 വിമാനം വാങ്ങാന്‍ ധാരണയായെന്ന് മോഡി മാധ്യമങ്ങളോട് പ്രഖ്യാപിച്ചു. മുഴുവന്‍ വിമാനങ്ങളും ഫ്രാന്‍സില്‍ നിര്‍മിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സന്ദര്‍ശനകാലത്ത് അനില്‍ അംബാനിയും പാരീസിലുണ്ടായിരുന്നു.

പ്രധാനമന്ത്രിക്കാണ് തീരുമാനത്തിന്റെ ഉത്തരവാദിത്തമെന്ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. മാസങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ വിമാനങ്ങളുടെ വില മൂന്നിരട്ടിയായി ഉയരുകയും ചെയ്തു.

കരാര്‍ത്തുകയായ 59,000 കോടി രൂപയുടെ പകുതി ഇന്ത്യയില്‍ ദസ്സാള്‍ട്ട് പുനര്‍നിക്ഷേപിക്കണമെന്നും വ്യവസ്ഥചെയ്തു. ഈ കരാര്‍ ഒപ്പിടുന്നതിന് 13  ദിവസം മുമ്പുമാത്രമാണ് അനില്‍ അംബാനി  റിലയന്‍സ് ഡിഫന്‍സ്  രൂപീകരിച്ചത്. കരാര്‍ ഒപ്പിട്ട് 10 ദിവസത്തിനുശേഷം റിലയന്‍സ് ഡിഫന്‍സും ദസ്സാള്‍ട്ടും ചേര്‍ന്ന് ദസ്സാള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പെയ്‌സ് എന്ന കമ്പനി സ്ഥാപിച്ചു. ഭൂരിഭാഗം ഓഹരികളും റിലയന്‍സിനു ലഭിച്ചു.

അനില്‍ അംബാനി തന്റെ  സ്ഥാപനങ്ങള്‍ തകര്‍ന്ന് ലക്ഷം കോടിയോളം രൂപയുടെ കടത്തില്‍ നില്‍ക്കുന്ന സമയത്താണ് ഈ കരാര്‍ ലഭിച്ചത്. റഫേല്‍ കരാര്‍വഴി ലഭിച്ച 30,000 കോടി രൂപ അനില്‍ അംബാനിയുടെ വ്യവസായശൃംഖലയ്ക്ക് പുതുജീവന്‍ പകര്‍ന്നു.

റിലയന്‍സും ദസ്സാള്‍ട്ടും തമ്മില്‍ 2012ല്‍ തന്നെ ചര്‍ച്ച നടത്തിയിരുന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്  പറയുന്നു. അതേസമയം, റഫേല്‍ ഇടപാടിനുള്ള സര്‍ക്കാര്‍തല ചര്‍ച്ചകളില്‍ റിലയന്‍സ് ഇല്ലായിരുന്നു. റഫേല്‍ ഇടപാട് വൈകിക്കാനും എച്ച്എഎല്ലിനെ ഒഴിവാക്കാനും അക്കാലത്ത് നടത്തിയ കളികള്‍ക്കു പിന്നിലും റിലയന്‍സായിരുന്നെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.



23-Sep-2018