എഡിഎം നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ വൈകിയില്ലെന്ന് റിപ്പോർട്ട്
അഡ്മിൻ
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ വീണ്ടും നിർണായക കണ്ടത്തെൽ. നവീൻ ബാബുവിന് വീഴ്ച സംഭവച്ചിട്ടില്ലെന്നും വിവാദ പെട്രോൾ പമ്പിന്റെ എൻഒസി വൈകിപ്പിച്ചില്ലെന്നുമാണ് പുതിയ കണ്ടെത്തൽ. സംഭവത്തിൽ ഫയൽ നീക്കം സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു.
ഈ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. റിപ്പോർട്ട് നാളെ റവന്യു മന്ത്രിക്ക് സമർപ്പിക്കും. നവീൻ ബാബു എൻഒസി നൽകാതിരുന്ന വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് കളക്ടർ ഓഫീസിൽ നിന്നുള്ള പുതിയ വെളിപ്പെടുത്തൽ. പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് എഡിഎം, എൻഒസി നൽകാതിരുന്നത്. എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെക്കുറിച്ചും പരാമർശമുണ്ട്.
നിർദിഷ്ട പെട്രോൾ പമ്പ് വളവിൽ ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. പൊലീസ് റിപ്പോർട്ടിന് പിന്നാലെ എഡിഎം എൻഒസി നിഷേധിച്ചു. പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകുകയായിരുന്നെന്നാണ് സൂചന. ബിപിസിഎൽ ടെറിട്ടറി മാനേജരുടെ പേരിലാണ് എൻഒസി നൽകിയിരിക്കുന്നത്.
അതേസമയം പിപി ദിവ്യയുടെ രാജിയിൽ ഭാഗികമായ ആശ്വാസമുണ്ടെന്ന് എഡിഎം നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. അധികാരസ്ഥാനം ഒഴിയുന്നതോടെ അല്പം സ്വാധീനം കുറയുമെന്ന് പ്രതീക്ഷിക്കുന്നെന്നും കേസിലെ പരാതിക്കാരൻ ആയതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.