പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും: കെ മുരളീധരൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്ന പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് മുരളീധരൻ രംഗത്ത്. ബി.ജെ.പിയിലേക്ക് പോകില്ല എന്നും പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ.മുരളീധരൻ പറഞ്ഞു.

പ്രശ്നങ്ങൾ 23ന് ശേഷം ചർച്ച ചെയ്യും. ഇപ്പോൾ സ്ഥാനാർത്ഥികളുടെ വിജയത്തിൽ മാത്രമാണ് ശ്രദ്ധ. നേതൃത്ത്വത്തിന്റെ കഴിവോ കഴിവുകേടോ ഇപ്പോൾ ചർച്ച ചെയ്യണ്ട. പിവി അൻവറിൻ്റെ സ്വാധീന മേഖല വയനാട് മണ്ഡലത്തിലാണ്. അവിടെ നിരുപാധികം പ്രിയങ്ക ഗാന്ധിക്ക് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല.

സ്ഥാനാർത്ഥികളെ വെച്ച് വിലപേശൽ നല്ലതല്ല. രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു ഒത്തുതീർപ്പിനും ഇല്ല. രമ്യ ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ്. രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല, ഒന്നും ഒന്നും കൂടിയാൽ പൂജ്യത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അൻവറിൻ്റെ പിന്തുണ ചർച്ച ഈ ഘട്ടത്തിൽ അനാവശ്യമാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

21-Oct-2024