എംഎം ലോറൻസിന്റെ മകളുടെ ഹർജി തള്ളി ഹൈക്കോടതി

അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാ‍ർഥികൾക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന് ഹൈക്കോടതി. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന മകൾ ആശാ ലോറൻസ് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളി. എം.എം. ലോറന്‍സിന്‍റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറുന്നതിനുള്ള നിയമപരമായ തടസങ്ങള്‍ ഇതോടെ നീങ്ങി.

കോടതി നേരത്തെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നിർദേശിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആശ ഉള്‍പ്പടെയുള്ളവരുടെ വാദങ്ങള്‍ കേട്ട ശേഷം മൃതദേഹം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, പിതാവിന്‍റെ താൽപ്പര്യപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയതെന്ന് മകന്‍ എം.എം. സജീവന്‍ കോടതിയെ അറിയിച്ചു. അതേസമയം, പിതാവ് ഇത്തരത്തിലൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലായെന്നായിരുന്നു ആശയുടെ വാദം. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയതെന്ന് മറ്റൊരു മകളായ സുജാതയും കോടതിയെ അറിയിച്ചിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പില്‍ സജീവന്‍ അടക്കമുള്ള സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ല എന്ന് കണ്ടെത്തിയാണ് ആശയുടെ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്.

എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകള്‍ ആശ ശവമഞ്ചത്തെ പുണര്‍ന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിച്ചു. ആശയെയും മകനേയും ബന്ധുക്കള്‍ ചേര്‍ത്ത് പിടിച്ചുമാറ്റുകയായിരുന്നു. ഇതിന് പിന്നില്‍ ബിജെപിയിലെയും ആര്‍എസ്എസിലെയും ചിലര്‍ ആണെന്നാണ് എം.എം. ലോറന്‍സിന്‍റെ മകന്‍ എം.എല്‍. സജീവ് ആരോപിച്ചിരുന്നു.

23-Oct-2024