വിവാഹേതര ബന്ധം : ചരിത്രവിധിയുമായി സുപ്രീം കോടതി
അഡ്മിൻ
ന്യൂഡല്‍ഹി : സ്ത്രീയോട് വിവേചനം കാണിക്കുന്ന എല്ലാ വകുപ്പുകളും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധം കുറ്റകരമാണെന്ന ഐപിസിയിലെ 497ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.
ഈ വകുപ്പ് ഭരണഘടനാപരമായി വിവേചനമാണെന്ന് ചീഫ് ജസ്റ്റീസ് ദീപ് മിശ്ര വ്യക്തമാക്കി. 497ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും പ്രാകൃതവുമാണ്. അത് നിയമവിരുദ്ധമാണെന്നും ഭരണഘടനാ ബഞ്ചിലെ എല്ലാ ജഡ്ജിമാരും ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഈ വകുപ്പ് റദ്ദാക്കിയത്.
വിവാഹം കഴിയുന്നതോടെ പുരുഷനും സ്ത്രീക്കും ലൈംഗികത സംബന്ധിച്ച് സ്വയം തീരുമാനം എടുക്കാനുള്ള അധികാരം സംബന്ധിച്ച കേസിലാണ് വിധി. 157 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് മലയാളി ആയ ജോസഫ് ഷൈന്‍ നല്കിയ ഹര്‍ജിയിലാണ് വിധിവന്നത്. സ്ത്രീക്ക് തുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ബന്ധത്തിന് കാരണം സന്തോഷം ഇല്ലാത്ത ദാമ്പത്യം അല്ല. എന്നാല്‍, സന്തോഷം ഇല്ലാത്ത ദാമ്പത്യം കാരണം വിവാഹേതര ബന്ധം ഉണ്ടാകാമെന്നും കോടതി പറഞ്ഞു. ഒരു പുരുഷന് വിവാഹിത ആയ സ്ത്രീയും ആയി അവരുടെ ഭര്‍ത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497ാം വകുപ്പ്. പുരുഷന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീക്ക് എതിരെ കേസ് എടുക്കാന്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ല്‍ വ്യവസ്ഥ ഇല്ല. കുറ്റകാരന്‍ ആണെന്ന് തെളിഞ്ഞാല്‍ പുരുഷന് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. വിവാഹേതരബന്ധം വിവാഹമോചന കേസ്സുകളില്‍ ഒരു സിവില്‍ തര്‍ക്കം ആയി ഉന്നയിക്കാം. എന്നാല്‍ ഇത് ഒരു ക്രിമിനല്‍ കുറ്റം അല്ല. ചൈന, ജപ്പാന് തുടങ്ങിയ പല പാശ്ചാത്യ രാജ്യങ്ങളില്‍ എന്നിവടങ്ങളില്‍ വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റം അല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തുല്യത ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശമാണ്. ഭര്ത്താക്കന്മാര് ഭാര്യമാരുടെ യജമാനന്മരല്ല. അവള് ജംഗമവസ്തുവല്ല. ജാരവൃത്തി ഏകപക്ഷീയവും സ്ത്രീകളുടെ അന്തസ്സും തുല്യതയും ഹനിക്കുന്നതുമാണ്. സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്നതെന്തും നീക്കേണ്ടതാണ്. ഈ വകുപ്പ് കാലഹരണപ്പെട്ടതാണെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ഇക്കാലത്ത് നിലനില്ക്കാന് കഴിയാത്ത വകുപ്പാണിതെന്ന് ജഡ്ജിമാര്‍ ഒന്നടങ്കം പറഞ്ഞു. ഭരണഘടനയിലെ 14, 15 അനുഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വകുപ്പ്. ഒരാള്‍ക്ക് മറ്റൊരാളുടെ മേല്‍ നിയമപരമായി പരമാധികാരം നല്‍കുന്നത് തെറ്റാണ്. അനുഛേദം 21 നല്കുന്ന ജീവിക്കാനുള്ള അവകാശം സ്ത്രീക്ക് നിഷേധിക്കപ്പെടുകയാണ്. സമൂഹത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് സ്ത്രീകള്‍ ജീവിക്കണമെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല.
വിവാഹേതര ബന്ധത്തിലെ പവിത്രത ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. ഇതിന് മറ്റു പല രാജ്യങ്ങളിലെയും ഉദാഹരണങ്ങളും ഉന്നയിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആര്.എഫ് നരിമാന്, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സ്വകാര്യ ഇടങ്ങളില്‍ ആണെങ്കില്‍ പോലും അവരുടെ വ്യക്തിസ്വാതന്ത്ര്യം പണയംവയ്ക്കാനാവില്ലെന്നാണ് ജസ്റ്റീസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടിയത്. വീട്ടിനുള്ളില്‍ നടക്കുന്ന വിവേചനം പോലും ഇല്ലാതാക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
27-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ