സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുന്നു: മുഖ്യമന്ത്രി

മാധ്യമങ്ങൾക്ക് പ്രധാനപ്പെട്ട കാര്യമായി തോന്നിയത് ഒരാളുടെ കോൺഗ്രസിലേക്കുള്ള മാറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണ്. സന്ദീപ് വാര്യ‍ര്‍ പാണക്കാട് പോകുന്നു എന്ന് വാർത്ത കണ്ടു. ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് ആണ് ഓർമ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായ സരിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴാണ് പിണറായിയുടെ പ്രതികരണം.

ബാബരി മസ്ജിദ് തകർത്ത ശേഷമുള്ള തെരഞ്ഞെടുപ്പ് ഓര്‍മ വരികയാണ്. ബാബരി മസ്ജി​ദ് തകർത്തത് ആർഎസ്എസ് നേതൃത്വത്തിൽ ഉള്ള സംഘപരിവാർ ആണ്. ഇതിന് എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ്‌ നേതൃത്വത്തിൽ ഉള്ള കേന്ദ്ര ഗവൺമെന്റായിരുന്നു. കൂട്ട് നിന്ന കോൺഗ്രസിനെതിരായി വികാരം ഉണ്ടായി. ഇവിടെ വലിയ അമർഷം ലീഗിന് ഉണ്ടായി‌.

പക്ഷേ മന്ത്രി സ്ഥാനം വിട്ടുള്ള ഒരു കളിക്കും തത്കാലം പോകണ്ടാന്നു തീരുമാനിച്ചു. ബാബരി മസ്ജിദ് തകർത്ത കോൺഗ്രസിന് ഒപ്പം നിന്നു. അന്നത്തെ തങ്ങൾ ലീഗ് അണികളെ തണുപ്പിക്കാൻ വന്നു. തങ്ങൾ വന്നാൽ ഓടി കൂടുന്ന ലീഗുകാർ ഇല്ല. ഇത്ര വലിയ പ്രതിഷേധം ഉണ്ടായത് ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണ്.

പാലക്കാട് ഉള്ള ലീഗ് അണികളും മത ന്യൂനപക്ഷ ആളുകളും ഇന്നലെ വരെ ഇദ്ദേഹം സ്വീകരിച്ച നിലപാട് അറിയാവുന്നവരാണ്. പാണക്കാട് പോയി സംസാരിച്ചത് അത് തീർക്കാൻ വേണ്ടിയാണ്. കോൺഗ്രസ്‌ ചെയ്യുന്ന നിലപാട് എതിർക്കാൻ ലീഗിന് കഴിയുന്നില്ല. സന്ദീപ് എന്തായിരുന്നു എന്ന് ലീഗ് അണികൾക്കും അറിയാമല്ലോ. അവരിൽ എല്ലാമുള്ള അമർഷവും പ്രതിഷേധവും ശമിപ്പിക്കാൻ പാണക്കാട് പോയി വർത്തമാനം പറഞ്ഞാൽ തീരുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

17-Nov-2024