മുസ്ലിം ലീഗില്‍ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു: മന്ത്രി സജി ചെറിയാൻ

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. മുസ്ലീം ലീഗില്‍ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്നും ഇതില്‍ മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നുമാണ് സജി ചെറിയാന്റെ വിമര്‍ശനം. മുസ്ലീം ലീഗിനകത്ത് തിരുത്തല്‍ പ്രക്രിയ ഉണ്ടാവണം. ജാതീയമായ ചേരിതിരിവ് ഉണ്ടാക്കാന്‍ തെരഞ്ഞെടുപ്പില്‍ ശ്രമം നടത്തുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലും സജി ചെറിയാന്‍ പ്രതികരിച്ചു. പാണക്കാട് തങ്ങളെ അല്ല വിമര്‍ശിച്ചത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചതെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്.

പാണക്കാട് തങ്ങളയോ തങ്ങളുടെ പദ്ധതിയെയോ മുഖ്യമന്ത്രി ആക്ഷേപിച്ചിട്ടില്ല. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിലാണ് പോകുന്നത്. അതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. മനുഷ്യനെ വ്യത്യസ്ത ചേരിയിലാക്കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവരാണ്. അവരെ അകറ്റിനിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറാവണം. അല്ലാത്തപക്ഷം ഇത് ആര്‍എസ്എസിന് മുതലെടുപ്പിന് അവസരം കൊടുക്കലാണെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പിന്തുണയുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി. നേതൃത്വത്തില്‍ ഉള്ളവരെ വിമര്‍ശിക്കരുതെന്നുണ്ടോ എന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഇടതുപക്ഷം പാതകം ചെയ്ത പോലെ നിലപാട് എടുക്കുകയാണെന്നും റിയാസ് വിമര്‍ശിച്ചു.

ലീഗ് പ്രസിഡന്റിനെ വിമര്‍ശിച്ചാല്‍ പ്രതിപക്ഷ നേതാവിന് വിഷമമുണ്ട്. രാഷ്ട്രീയത്തില്‍ മതം കൂട്ടികലര്‍ത്തിയ കുടിലതന്ത്രം ആണ് ഇത്. കെപിസിസി പ്രസിഡന്റിനെ വിമര്‍ശിച്ചപോള്‍ വി.ഡി. സതീശന്‍ മിണ്ടാതെ ഇരുന്നു. എന്തിനാണ് ഈ അസഹിഷ്ണുത? ഗോവിന്ദന്‍ മാഷിനെ ഇവര്‍ എന്തൊക്കെ പറയുന്നു.

ജനാധിപത്യത്തില്‍ വിമര്‍ശനം ആവാം. മുഖ്യമന്ത്രിയുടെ വിമര്‍ശനം ബോധപൂര്‍വം ഒരു മതത്തിനെതിരാണ് എന്നാക്കി മാറ്റാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. വിമര്‍ശനം ഒഴിവാക്കണം എങ്കില്‍ കസേര ഒഴിയണമെന്നും റിയാസ് പറഞ്ഞു.

18-Nov-2024