സുരേഷ് ഗോപിക്കും ബി.ഗോപാലകൃഷ്ണനെതിരെയും പരാതി

മുനമ്പം വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിദ്വേഷ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച്‌ ഡിജിപിക്ക് പരാതി നല്‍കി.എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എൻ.അരുണ്‍ ആണ് സുരേഷ് ഗോപിക്കെതിരെയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെയും പരാതി നല്‍കിയത്.

നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ് വഖഫ് എന്നും അത് പൂട്ടിക്കെട്ടിക്കുമെന്നും വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത് വൻ വിവാദമായിരുന്നു. സമൂഹത്തില്‍ മതത്തിന്‍റെ പേരില്‍ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച്‌ തെറ്റിദ്ധാരണ പരത്തിയെന്നും അതിന്‍റെ പേരില്‍ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.

19-Nov-2024