അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി
അഡ്മിൻ
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു. ലയണൽ മെസ്സി അടക്കമുളള ടീമാണെത്തുക.
2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക. വ്യാപാര വ്യവസായ അസോസിയേഷനുമായി ചേർന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് അസോസിയേഷൻ മത്സരം നടത്താനുള്ള സഹായ ഉറപ്പ് നൽകി.
മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.