മണിപ്പൂരിൽ ഭൂരിപക്ഷം ബിജെപി എംഎൽഎമാരും ഭരണമാറ്റത്തിനൊപ്പം
അഡ്മിൻ
മണിപ്പൂരിൽ കുക്കി- മെയ്തേയ് സമുദായങ്ങള്‍ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രി ബീരേൻ സിംഗിനെതിരെ ബിജെപിയിലും എതിർപ്പുയരുന്നു. പ്രധാന സഖ്യകക്ഷിയായ എൻപിപി സർക്കാരിന് പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് പാർട്ടിയിലും മുഖ്യമന്ത്രിക്ക് എതിരെ ആഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നത്.
സംസ്ഥാനത്തെ ക്രമസമാധാനനില ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ബിരേൻ സിംഗ് വിളിച്ച യോഗം 11 ബിജെപി എംഎൽഎ മാർ ബഹിഷ്കരിച്ചിരുന്നു. ഇതിൽ കുക്കി മെയ്തേയ് വിഭാഗങ്ങളിൽപ്പെട്ട എംഎൽമാരും ഉൾപ്പെടുന്നു. സംഭവം വാർത്തയായതോടെ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വീണ്ടും അക്രമം രൂക്ഷമായ ജിരിബാമില്‍ നിന്നും പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചതും ബിജെപിക്ക് തിരിച്ചടിയായിരുന്നു. കഴിഞ്ഞ വർഷം കലാപം ആരംഭിച്ചത് മുതൽ ബിരേൻ സിംഗിനെതിരെ പാർട്ടിയിൽ എതിർപ്പുയരുന്നുണ്ട്. കുക്കി, മെയ്തേയ് വിഭാഗത്തിൽപ്പെട്ട ബിജെപി എംഎൽഎമാർ നിരവധി തവണ പാർട്ടി നേതൃത്വത്തിനോട് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇടയക്ക് അക്രമസംഭവങ്ങളിൽ കുറവ് വന്നതോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി എന്ന പ്രതീതി സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിനായിരുന്നു. ഇതാണ് ബീരേൻ സിംഗിന് തുണയായത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച കുക്കി കലാപകാരികൾ ബോറോബെക്ര പോലീസ് സ്റ്റേഷൻ ആക്രമിച്ചതോടെ ജിരിബാം വീണ്ടും അക്രമാസക്തമായി മാറുകയായിരുന്നു.
11 കുക്കി കലാപകാരികളെയാണ് സിആർപിഎഫ് അന്ന് വെടിവച്ചു കൊന്നത്. ആക്രമണത്തിന് മെയ്തേയ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും കുട്ടികളെയും തീവ്രവാദികൾ ബന്ധികളാക്കിയിരുന്നു. ഇവരിൽ മൂന്ന് സ്ത്രീകളുടേയും മൂന്ന് കുട്ടികളുടേയും മൃതദേഹം ബരാക് നദിയിൽ നിന്നും കണ്ടെത്തി. തുടര്‍ന്ന് മെയ്തേയ് സമുദായം നീതി തേടി രംഗത്തിറങ്ങിയതോടെയാണ് വീണ്ടും മണിപ്പൂർ സംഘർഷഭരിതമായത്.
കലാപം അടിച്ചമർത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജനക്കൂട്ടം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും വീട്ടിലേക്ക് ഇരച്ചു കയറിയുന്നു. മൂന്ന് മന്ത്രിമാരുടെ വീടുകൾ അടിച്ച് തകർക്കുകയും മൂന്ന് എംഎൽഎമാരുടെ വീടുകൾക്ക് തീവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിയമസഭാംഗങ്ങളുടെ വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരും മണിപ്പൂരിൽ വീണ്ടും ആരംഭിച്ച സംഘർഷത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴാണ് ബിജെപി എംഎൽഎമാരുടെ പ്രതിഷേധം.
കഴിഞ്ഞ മാസം മണിപ്പൂർ നിയമസഭാ സ്പീക്കർ സത്യബ്രത സിംഗ്, വിദ്യാഭ്യാസ മന്ത്രി ബിശ്വജിത് സിംഗ് ഉൾപ്പെടെയുള്ള 19 എംഎല്‍എമാര്‍ ബിരേൻ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ യോഗം ഒരു വിഭാഗം ബഹിഷ്ക്കരിക്കുന്നത്.
20-Nov-2024
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ