പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 70.01% പോളിങ്; വിജയ പ്രതീക്ഷയിൽ എൽഡിഎഫ്

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തണുത്ത പോളിങ്. ഇതുവരെ 70.01% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 6 മണിക്ക് ശേഷവും നിരവധി ബൂത്തുകളിൽ വോട്ടർമാരുടെ ക്യൂ കാണാനാകുന്നുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.44% പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ വോട്ടർമാരിൽ 1,39,192 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ 5.43 ശതമാനം വോട്ടിൻ്റെ കുറവാണ് 2024ലെ ഉപതെരഞ്ഞെടുപ്പിൽ കാണാനാകുന്നത്.

പാലക്കാട് പത്ത് സ്ഥാനാർഥികളാണ് ഇക്കുറി ജനവിധി തേടിയത്. ഇടതുപക്ഷ സ്ഥാനാർഥിയായ പി. സരിനും, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും, ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്‍സിപ്പാലിറ്റിയിലും മൂന്ന് പഞ്ചായത്തുകളിലും ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച തെരഞ്ഞടുപ്പ് പോരിൻ്റെ അങ്കത്തട്ടിൽ ആര് വിജയക്കൊടി നാട്ടുമെന്നറിയാൻ ഇനി മൂന്ന് നാൾ കൂടി കാത്തിരിക്കണം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന് 53,080 വോട്ടുകളാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 38.06 ശതമാനം വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരന് 49,155 (35.34%) വോട്ടുകളാണ് ആകെ ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർഥി അഡ്വ. സി.പി. പ്രമോദിന് 35,622 (25.64%) വോട്ടുകളാണ് ലഭിച്ചത്.

അതേസമയം, വെണ്ണക്കരയിലെ 48ാം നമ്പർ പോളിങ് ബൂത്ത് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് ബൂത്തിൽ സംഘർഷാവസ്ഥയ്ക്ക് കാരണമാക്കി. തുടർന്ന് യുഡിഎഫ് സ്ഥാനാർഥിയുമായി അവർ വാക്കുതർക്കത്തിലേർപ്പെട്ടു. രാഹുൽ വോട്ടർമാരോട് വോട്ടഭ്യർഥിച്ചെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.

സ്ഥാനാർഥിയെന്ന നിലയിൽ ബൂത്തുകൾ സന്ദർശിക്കുവാൻ തനിക്ക് അധികാരമുണ്ടെന്നും ബിജെപിക്ക് തോൽക്കുമെന്ന പേടിയുള്ളത് കൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ബൂത്തിന് പുറത്ത് വോട്ടർമാരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്.

20-Nov-2024