കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ കുറ്റം ചുമത്തി അമേരിക്ക. അമേരിക്കന്‍ നീതിന്യായ വകുപ്പിന്റേതാണ് നടപടി. അദാനിയെക്കൂടാതെ അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സ്യൂട്ടീവ് ഡയറക്ടര്‍മാരിലൊരാളുമായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നും മറ്റ് അഞ്ച് മുതിര്‍ന്ന ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് കേസ്. കോടിക്കണക്കിന് ഡോളറുകള്‍ സമാഹരിക്കാന്‍ നിക്ഷേപകരോടും ബാങ്കിനോടും കളവ് പറയുകയും നീതിക്ക് നിരക്കാത്തതുമാണ് ഈ അഴിമതിയെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലിസ മില്ലര്‍ പറഞ്ഞു.
20 വര്‍ഷത്തെ കാലയളവില്‍ തയ്യാറാക്കുന്ന സൗരോര്‍ജ കരാര്‍ നികുതികള്‍ കഴിഞ്ഞാല്‍ 200 കോടി ഡോളര്‍ ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 2020നും 2024നുമിടയില്‍ അദാനി സ്വകാര്യമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അധികാരികള്‍ പറയുന്നു. ഇവര്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ച് കൈക്കൂലിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും നിരവധി ഫോണ്‍ കോളുകള്‍ തെളിവായി ചൂണ്ടക്കാട്ടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കൈക്കൂലി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്ന സെല്‍ ഫോണ്‍, ഫോട്ടോകള്‍, പവര്‍ പോയിന്റ്, എക്‌സല്‍ അനാലിസിസ് തുടങ്ങിയവ നീതിന്യായ വകുപ്പ് ശേഖരിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ധനസഹായം ലഭിക്കുന്നതിന് വേണ്ടി അദാനിയും കൂട്ടരും അമേരിക്കന്‍ നിക്ഷേപകരില്‍ നിന്നും അഴിമതിക്കാര്യം മറച്ചുവെന്നും ഇതില്‍ സൂചിപ്പിക്കുന്നു.