പുലിയിറങ്ങിയതോടെ പ്രതിപക്ഷം എലിയായി

തിരുവനന്തപുരം : സംസ്ഥാനത്ത് ബ്രുവറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രാഥമിക ഉത്തരവിന്‍മേല്‍ പുകമറ സൃഷ്ടിച്ച് വിവാദമുണ്ടാക്കാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയെന്നപോലെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പത്രകുറിപ്പ്.  രമേശ് ചെന്നിത്തല ചില മാധ്യമങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ബ്രുവറി വിവാദം അപ്രസക്തവും അനവസരത്തിലുള്ളതുമാണെന്ന് സ്ഥാപിക്കുവാന്‍ പത്രക്കുറിപ്പിലൂടെ എക്‌സൈസ് കമ്മീഷണര്‍ക്ക് സാധിച്ചു.

ഋഷിരാജ് സിംഗ് ഐ പി എസിന്റെ പത്രകുറിപ്പിന്റെ പൂര്‍ണരൂപം

സംസ്ഥാനത്ത് നിലവില്‍ 3 ബ്രുവറികളും 19  വിദേശമദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്കുമാണ് ലൈസന്‍സുള്ളത്. ഇതില്‍ 2 വിദേശ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കേരളത്തില്‍ വിറ്റഴിക്കുന്ന ബിയറില്‍ 40% ത്തോളം ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. വിദേശ മദ്യത്തിന്റെ കാര്യത്തിലാവട്ടെ 8% ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇതു സംബന്ധിച്ച് കെ.എസ്.ബി.സി മാനേജിംഗ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തേടുകയും ആയതിന്റെ അടിസ്ഥാനത്തിലും കേരളത്തില്‍ ബ്രുവറി അനുവദിക്കുന്നതിനായി ലഭിച്ച അപേക്ഷകള്‍ 3 എണ്ണം ആവശ്യമായ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം തത്വത്തില്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി വിവിധഘട്ടങ്ങളില്‍ ഗവണ്‍മെന്റിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു. താഴെ പറയുന്നവയ്ക്ക്് ഗവണ്‍മെന്റിന്റെ തത്വത്തിലുള്ള അനുമതി നല്‍കി.

1  M/s  ശ്രീധരന്‍ ബ്രുവറി പ്രൈ.ലിമിറ്റഡ്, വാരം, കണ്ണൂര്‍
2  M/s  അപ്പോളോ ഡിസ്റ്റിലറീസ് & ബ്രുവറീസ് പ്രൈ.ലിമിറ്റഡ്, എലപ്പുള്ളി, പാലക്കാട്
3  M/s  പവര്‍ ഇന്‍ഫ്രാടെക് പ്രൈ.ലിമിറ്റഡ്, എറണാകുളം

കോമ്പൗണ്ടിംഗ് ബ്ലെന്‍ഡിംഗ് & ബോട്ടിലിംഗ് യൂണിറ്റിനായി അപേക്ഷിച്ചിരുന്ന ശ്രീചക്രാ ഡിസ്റ്റിലറീസിന്റെ അപേക്ഷ 13.11.2017-ന് ഗവണ്‍മെന്റിലേക്ക് സമര്‍പ്പിച്ചിരുന്നു. 1998-ല്‍ ലഭിച്ചിരുന്ന അപേക്ഷയുടെ തുടര്‍ച്ചയായാണ് ടി അപേക്ഷയും സമര്‍പ്പിച്ചിരുന്നത്. 1998-ല്‍ സമര്‍പ്പിച്ച അപേക്ഷ 1999-ല്‍ നിരസിച്ചിരുന്നു. കാലാകാലങ്ങളില്‍ പ്രസ്തുത സ്ഥാപനം ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുകയും കോടതിവിധികള്‍ സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അപ്പോഴെല്ലാം എക്‌സൈസ് കമ്മീഷണറും ഗവണ്‍മെന്റും 1999-ലെ ഗവണ്‍മെന്റ് ഉത്തരവിന്റെ  അടിസ്ഥാനത്തില്‍ നിരാകരിച്ചിരുന്നു. 2017-ല്‍ ലഭിച്ച അപേക്ഷ 13.11.2017 തീയതിയില്‍  ഗവണ്‍മെന്റ് തലത്തില്‍ തീരുമാനമെടുക്കാമെന്ന റിപ്പോര്‍ട്ടോടുകൂടി നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. 2017-ല്‍ കിട്ടിയ അപേക്ഷ 1998 മുതല്‍ നല്‍കിയ അപേക്ഷയുടെ തുടര്‍ച്ചയായതിനാല്‍ ഇക്കാര്യത്തില്‍ പ്രതേ്യക പരിശോധനകള്‍ ഒന്നും ഈ ഘട്ടത്തില്‍ നടത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനത്തിനായി സമര്‍പ്പിക്കുകയായിരുന്നു.

അബ്കാരി ആക്ട് സെക്ഷന്‍ 14 പ്രകാരം മദ്യനിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങുന്നതിന് മുന്‍പ് എക്‌സൈസ് കമ്മീഷണര്‍ ഗവണ്‍മെന്റിന്റെ അനുമതി വാങ്ങേണ്ടതാണ് എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. 1999-ലെ ജി.ഒ(ആര്‍.ടി) നം.689/99 ടി.ഡി തീയതി 29.09.99 പ്രകാരം കോമ്പൗണ്ടിംഗ് ബ്ലന്‍ഡിംഗ് & ബോട്ടിലിംഗ് യൂണിറ്റുകള്‍ അനുവദിക്കേണ്ടതില്ല എന്ന് ഉത്തരവായിരുന്നതിനാല്‍ ശ്രീചക്രയുടെ അപേക്ഷയിന്‍മേല്‍ ടി ഗവണ്‍മെന്റ് ഉത്തരവ് ഭേദഗതി  വരുത്തി അപേക്ഷ പരിഗണിക്കാമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്രകാരമുള്ള റിപ്പോര്‍ട്ടിന്‍മേല്‍ ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം ശ്രീചക്രാ ഡിസ്റ്റിലറിക്ക് തൃശ്ശൂര്‍ ജില്ലയില്‍ കോമ്പൗണ്ടിംഗ് ബ്ലന്‍ഡിംഗ് & ബോട്ടിലിംഗ് യൂണിറ്റ്തുടങ്ങുന്നതിന് പ്രാഥമികമായി അനുമതി നല്‍കി ഉത്തരവായിട്ടുള്ളതാണ്.

കേരള ഫോറിന്‍ ലിക്കര്‍ കോമ്പൗണ്ടിംഗ് ബ്ലന്‍ഡിംഗ് & ബോട്ടിലിംഗ് റൂള്‍ ചട്ടം 3 പ്രകാരം താല്‍പര്യം ഉള്ള ഏതൊരാള്‍ക്കും കോമ്പൗണ്ടിംഗ് ബ്ലന്‍ഡിംഗ് & ബോട്ടിലിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചട്ടം 3 ല്‍ പ്രതിപാദിക്കുന്ന വിവരങ്ങളടങ്ങുന്ന രേഖകള്‍ ടിയാന്‍ 1998-ല്‍ തന്നെ സമര്‍പ്പിച്ചിരുന്നു. ആയതില്‍ യൂണിറ്റ് സ്ഥാപിക്കുന്ന സ്ഥലവും പ്രോജക്റ്റ് റിപ്പോര്‍ട്ടടക്കം സമര്‍പ്പിച്ചിരുന്നു. ടി അപേക്ഷ  നിരസിച്ചെങ്കിലും അപേക്ഷകന്‍ തന്റെ മുന്‍ അപേക്ഷകള്‍ പുന:പരിശോധിച്ച് ഉത്തരവ് നല്‍കണമെന്നാണ് 2017-ലെ അപേക്ഷയിലും ആവശ്യപ്പെട്ടിരുന്നത്. ആയതിനാല്‍ 2017-ലെ അപേക്ഷയുടെ അനുബന്ധമായി 1998-ലെ ഫയല്‍ ചേര്‍ത്ത് പരിശോധിക്കുകയും ഇക്കാര്യത്തില്‍ 1999-ലെ ഗവണ്‍മെന്റ് ഉത്തരവ് പുന:പരിശോധിച്ച് ടി അപേക്ഷ പരിഗണിക്കാന്‍ കഴികയുള്ളു എന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റ് തലത്തില്‍ തീരുമാനമുണ്ടാകുന്നതിന് ഗവണ്‍മെന്റിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 

ഗവണ്‍മെന്റ് ഇപ്പോള്‍ തന്നിട്ടുള്ള ഉത്തരവ് ഒരു പ്രാഥമികമായ അനുമതി മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ടും പ്ലാനും മറ്റ് അനുബന്ധരേഖകളും ചട്ടപ്രകാരം ഹാജരാക്കുന്നതിന് ബന്ധപ്പെട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നല്‍കിയിട്ടുള്ളത് അനുമതി പത്രം മാത്രമാണ്. ഇനി താഴെപറയുന്ന വിവിധ വകുപ്പുകളുടെയടക്കം നിരവധി വകുപ്പുകളുടെ അനുമതി        ലഭ്യമായാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളു. ടി വകുപ്പുകളുടെ അനുമതി പത്രം ലഭിച്ചില്ലെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി പത്രം ഏത് ഘട്ടത്തിലും റദ്ദാകുന്നതാണ്. എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മറി കടന്നാണ് ഗവണ്‍മെന്റ് ഉത്തരവായത് എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അപേക്ഷകളില്‍ ചട്ടപ്രകാരമാണ് പ്രാഥമികമായി അനുമതി നല്‍കിയിട്ടുളളത്. നാളിതുവരെ ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ അപ്രസക്തവും അനവസരത്തിലുളളതുമാണ്.

ബ്രുവറികള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെങ്കില്‍ ഗ്രീന്‍ ചിറ്റ് നല്‍കേണ്ട വകുപ്പുകളും സ്ഥാപനങ്ങളും.
1.    പരിസ്ഥിതി സംരക്ഷണ വകുപ്പ്.
2.    ഫാക്ടറീസ് & ബോയിലേഴ്‌സ്
3.    ഫയര്‍ & സേഫ്റ്റി
4.    മലിനീകരണ നിയന്ത്രണ ബോര്‍ഡ്
5.    തദ്ദേശ സ്വയംഭരണ വകുപ്പ്
6.    ലീഗല്‍ മെട്രോളജി
7.    ഭക്ഷ്യ സുരക്ഷാ വകുപ്പ്
8.    ആരോഗ്യ വകുപ്പ്.
9.    എക്‌സൈസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്
10.    പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്
11.    റവന്യു വകുപ്പ്(ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്)
12.    ഭൂജല വകുപ്പ്

എക്‌സൈസ് കമ്മീഷണറുടെ ഈ പത്രക്കുറിപ്പോടുകൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിപ്പിടിക്കുന്ന അനുമതി ഓര്‍ഡര്‍ കൊണ്ട് ബ്രുവറി ആരംഭിക്കാനാവില്ലെന്നും ശ്രീചക്രയുടെ അപേക്ഷയിന്‍മേല്‍ പുകമറ സൃഷ്ടിക്കാന്‍ കഴിയില്ലെന്നും തെളിഞ്ഞിരിക്കയാണ്. തത്വത്തിലുള്ള അനുമതി ഉത്തരവ് കൊണ്ട് കേരളത്തില്‍ ബ്രുവലറി തുടങ്ങാന്‍ സാധിക്കുമെങ്കില്‍ രമേശ് ചെന്നിത്തല അനുമതി നല്‍കിയ മൂന്ന് കമ്പനികളെ കൊണ്ട് ബ്രുവലറി തുടങ്ങിപ്പി്ച്ച് തെളിയിക്കണമെന്ന വെല്ലുവിളിയാണ് ഭരണപക്ഷം ഉയര്‍ത്തുന്നത്. ആ വെല്ലുവിളിക്ക് മുന്നില്‍ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയില്ല.


02-Oct-2018