വീറുറ്റ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ ജനഹിതമെന്തെന്ന് നാളെയറിയാം. വോട്ടെണ്ണലിൻ്റെ ആദ്യ റൗണ്ടാണ് പാലക്കാട് നിർണായകമാകുക. ചേലക്കരയിൽ 28 വർഷത്തെ കോട്ട നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് നിർണായകം. ആദ്യം വോട്ടെണ്ണുന്ന പതിനാല് ബൂത്തുകളിൽ പന്ത്രണ്ടും ബിജെപിക്ക് സ്വാധീനമുള്ള മേഖലകളാണ്. ഇവിടെ വോട്ട് കുറഞ്ഞാൽ ബിജെപിയിൽ അടിയൊഴുക്കുകൾ ഉണ്ടായി എന്നതിന്റെ സൂചന ലഭിക്കും. എന്നാൽ മൂന്നു റൗണ്ടുകൾക്ക് ശേഷമാണ് യുഡിഎഫ് ശക്തികേന്ദ്രങ്ങളിലേക്ക് വോട്ടെണ്ണൽ കടക്കുക. സരിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിന് ഗുണം ചെയ്തോ എന്നതും ആദ്യ റൗണ്ടിൽ വ്യക്തമാകും.
ഒന്നു മുതൽ പതിനാല് വരെയുള്ള ബൂത്തുകളിലാണ് ആദ്യ റൗണ്ട് വോട്ടെണ്ണൽ നടക്കുക. ഇതിൽ ഒന്നും, രണ്ടും ബൂത്തുകൾ യുഡിഎഫിന് സ്വാധീനമുള്ള മേഖലകളാണെങ്കിലും ബാക്കി പന്ത്രണ്ട് എണ്ണവും ബിജെപി ലീഡ് ചെയ്ത് വരുന്നതാണ്.
അതുകൊണ്ടു തന്നെ ആദ്യ റൗണ്ടിൽ ബിജെപി ലീഡ് ചെയ്താൽ, അത് ഫല സൂചനയായി കാണാൻ കഴിയില്ല. എന്നാൽ വോട്ട് കുറഞ്ഞാൽ ബിജെപിക്ക് ആശങ്കപ്പെടേണ്ടിവരും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3658 വോട്ടുകളാണ് ബിജെപി ആദ്യ റൗണ്ടിൽ നേടിയത്. യുഡിഎഫ് 1854 വോട്ടും, എൽഡിഎഫ് 1233 വോട്ടും നേടി.