വയനാട്ടിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു പി ആര്‍ ഇവന്റ് ആക്കി മാറ്റി: ടിപി രാമകൃഷ്ണൻ
അഡ്മിൻ
ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കാത്തതില്‍ ഡിസംബര്‍ അഞ്ചിന് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും 25000 ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കേന്ദ്രങ്ങളില്‍ 10000 ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിക്കും.കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങളുടെ സജീവമായ ഇടപെടല്‍ ഉണ്ടാക്കാന്‍ മുന്നണി യോഗത്തില്‍ തീരുമാനിച്ചു. വയനാടിനെ വീണ്ടെടുക്കേണ്ടതുണ്ട്. പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. കേന്ദ്രസര്‍ക്കാര്‍ സഹായിക്കും എന്നാണ് പ്രതീക്ഷിച്ചത്.
പ്രധാനമന്ത്രി വയനാട് എത്തി ദുരന്തം മനസ്സിലാക്കിയതാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു പി ആര്‍ ഇവന്റ് ആക്കി മാറ്റി. കേരളത്തിന് അര്‍ഹമായ സഹായം ലഭിക്കണം.കേന്ദ്ര നിലപാടിനെതിരെ വലിയ സമരം ഉയര്‍ത്തിക്കൊണ്ടുവരും. കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.