മഹാരാഷ്ട്രയിലെ ഏക സിറ്റിങ് സീറ്റ് നിലനിർത്തി സിപിഐഎം


മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ഏക സിറ്റിങ് സീറ്റ് നിലനിർത്തി സിപിഐഎം. ദഹാനുവിൽ വിനോദ് നിക്കോളെ 5133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി ജെ പിയുടെ മേദ വിനോദ് സുരേഷിനെ പരാജയപ്പെടുത്തി. വിനോദ് നിക്കോളെയ്ക്ക് 104702 വോട്ട് ലഭിച്ചപ്പോൾ 99569 വോട്ടുകളാണ് ബി ജെ പിക്ക് നേടാൻ സാധിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ മണികൂറുകളിൽ ബി ജെ പിക്കായിരുന്നു ലീഡെങ്കിലും അവസാന ഘട്ടങ്ങളിൽ സിപിഐഎം മുന്നേറ്റം നടത്തുകയായിരുന്നു.

അതേസമയം മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ചുവടുകളെല്ലാം പിഴച്ചു. മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിൽ ആവർത്തിക്കാൻ കഴിയാതെ കോൺഗ്രസും ഉദ്ധവ് താക്കറെയും ശരത് പവാറും തകർന്നടിഞ്ഞു. തകർപ്പൻ ജയമാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ മഹായുതി സഖ്യത്തിന്റേത്. 288 അംഗ നിയമസഭയിൽ 220 ഓളം സീറ്റുകളിൽ വിജയം നേടി.

ബിജെപിക്ക് തനിച്ച് 125 ലേറെ സീറ്റ് ലഭച്ചു. ബിജെപി സഖ്യത്തിനാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചതെങ്കിലും, പ്രവചനങ്ങളെയെല്ലാം മറികടക്കുന്ന മിന്നും ജയമാണ് നേടിയത്.

23-Nov-2024