വഖഫ് വിഷയത്തിൽ കേന്ദ്രം നടത്തുന്നത് വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം: മുഖ്യമന്ത്രി

വഖഫ് വിഷയത്തിൽ കേന്ദ്രം നടത്തുന്നത് വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി. ന്യൂനപക്ഷങ്ങൾക്ക് എതിരായ നിലപാടിൻ്റെ ഭാഗമാണ് വഖഫ് ഭേദഗതി ബിൽ. സഖ്യകക്ഷികളിൽ നിന്ന് തന്നെ ബിജെപി എതിർപ്പ് നേരിടേണ്ടി വന്നു. എന്നാൽ, മുനമ്പം പ്രശ്നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടെന്നും ആരെയും ഒഴിപ്പിക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒഴിപ്പിക്കരുതെന്ന സർക്കാർ നിലപാട് വഖഫ് ബോർഡും അംഗീകരിച്ചെന്നും ഇതിൻ്റെ നിയമപരമായ സാധുതയ്ക്ക് വേണ്ടിയാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയുടെ നികുതി അടയ്ക്കുന്നതിനുള്ള സ്റ്റേ മാറിക്കിട്ടാൻ ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചു.
കാലങ്ങളായി അവിടെ താമസിക്കുന്നവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുള്ളവരല്ല. എന്നാൽ, വഖഫിൻ്റെ ഭൂമി വഖഫ് ബോർഡിന് അവകാശപ്പെട്ടതെന്നാണ് നിയമം. ഈ സാഹചര്യത്തിലാണ് മുനമ്പം പ്രശ്നം സർക്കാർ ഗൗരവമായി പരിശോധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദശാബ്ദങ്ങളായി താമസിക്കുന്നവരുടെ സംരക്ഷണം ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്തത്. സമരക്കാർ ഇപ്പോൾ സർക്കാർ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. പ്രശ്നത്തെ യോജിപ്പോടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

25-Nov-2024