നിര്‍ഭാഗ്യകരമായ അപകടമാണ് ഉണ്ടായതെന്ന് റവന്യു മന്ത്രി കെ. രാജന്
അഡ്മിൻ
നാട്ടികയില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് തടി ലോറി കയറിയിറങ്ങി അഞ്ച് പേര് മരിച്ച സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഗതാഗത കമ്മീഷണറോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
നാടോടി സംഘമാണ് പുലര്‍ച്ചെ നാല് മണിക്ക് ദേശീയപാതയിലുണ്ടായ അപകടത്തില്‍പ്പെട്ടത്. റോഡില്‍ ഉറങ്ങിക്കിടന്നിരുന്ന അഞ്ചു പേരും തത്ക്ഷണം മരിക്കുകയായിരുന്നു. കാളിയപ്പന് (50), ജീവന് (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (1 വയസ്) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനാണ് അപകടം സംഭവിച്ചത്.
അതേസമയം നിര്‍ഭാഗ്യകരമായ അപകടമാണ് ഉണ്ടായതെന്ന് റവന്യു മന്ത്രി കെ. രാജന് പ്രതികരിച്ചു. അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. അഞ്ച് മരണം സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.
വിവരം അറിഞ്ഞ ഉടനെ കളക്ടറും കമ്മീഷണറും ഇടപെട്ടു. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. സംഭവത്തില്‍ മനഃപ്പൂര്‍വമായ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. കര്‍ശനമായ നടപടിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
ജില്ലാ ഭരണകൂടം മരിച്ചവരെ വീടുകളില്‍ എത്തിക്കും. ഇതിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ചികിത്സയടക്കം എല്ലാ പിന്തുണയും ഉണ്ടാകും. തുടര്‍ ചികിത്സക്ക് സഹായം സര്‍ക്കാര്‍ ചെയ്യും. ഇതിനായി തൃശൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാകും ധനസഹായം നൽകുക. കൂടുതല്‍ ധനസഹായം കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിശോധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.