ശശി തരൂർ ഭീഷണിപ്പെടുത്തിയതായി ലളിത് മോദി

ശശി തരൂർ എം.പിക്കും ഗാന്ധി കുടുംബത്തിനും എതിരെ പുതിയ ആരോപണങ്ങളുമായി ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദി. സുനന്ദ പുഷ്കറിന്‍റെ പശ്ചാത്തലം അന്വേഷിച്ചാൽ ഇ.ഡി റെയ്ഡ് ഉണ്ടാകുമെന്ന് തരൂർ ഭീഷണിപ്പെടുത്തിയതായി ലളിത് മോദി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.കൊച്ചി ടസ്കേഴ്സ് വിവാദവുമായി ബന്ധപ്പെട്ടാണ് മോദിയുടെ പുതിയ ആരോപണം. കൊച്ചി ടസ്കേഴ്സിന്‍റെ ഉടമകളായ റെൻദോവൂ കൺസോർഷ്യത്തിൽ പ്രവാസി വനിതയായ സുനന്ദ പുഷ്കർക്ക് 4.75 ശതമാനം ഓഹരിയുണ്ടെന്ന് അറിഞ്ഞപ്പോൾ സംശയം തോന്നിയെന്ന് ലളിത് മോദി പറയുന്നു.

348 മില്യണ്‍ ഡോളറിനാണ് കൊച്ചി ടസ്‌കേഴ്‌സിനെ സുനന്ദ പുഷ്‌കര്‍ സ്വന്തമാക്കിയത്. അപ്പോഴാണ് ആ പേര് തന്നെ താന്‍ ശ്രദ്ധിച്ചത് തന്നെ. 50 മില്യണ്‍ ഡോളര്‍ വരുന്ന കണ്‍സോര്‍ഷ്യത്തില്‍ 25 ശതമാനം ഓഹരികളും അവര്‍ക്ക് സൗജന്യമായി ലഭിച്ചു. കരാറില്‍ ഒപ്പിടില്ലെന്ന് പറഞ്ഞതോടെ ഇഡി യെ കൊണ്ട് റെയ്ഡ് ചെയ്യിക്കുമെന്നും താന്‍ ജയിലിലേക്ക് പോകേണ്ടി വരുമെന്നുമാണ് തരൂര്‍ പറഞ്ഞതെന്നും ലളിത് മോദി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ ആരംഭിച്ചതില്‍ ലളിത് മോദി നിര്‍ണായക പങ്കാണ് വഹിച്ചത്. 2009 ല്‍ ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പിനിടയിലും ഐപിഎല്‍ സുഗമമായി നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2010 ല്‍ കൊച്ചി ടസ്‌കേഴ്‌സ് ടീമിന്റെ പ്രതിനിധികള്‍ ഫ്രാഞ്ചൈസി വിടണമെന്നാവശ്യപ്പെട്ട് മോദിയെ ഭീഷണിപ്പെടുത്തി. 2010 ല്‍ നടന്ന ഐപിഎല്ലിന്റെ ഫൈനലിന് മുന്നോടിയായി വാതുവയ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, കുടുംബാംഗങ്ങള്‍ക്ക് ഫ്രാഞ്ചൈസികള്‍ വില്‍ക്കല്‍ തുടങ്ങി 22 കുറ്റങ്ങള്‍ ചുമത്തി മോദിയെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു.

2011 ലെ സീസണില്‍ മാത്രമാണ് കൊച്ചി ടസ്‌കേഴ്‌സ് ഐപിഎല്ലില്‍ കളിച്ചത്. വാര്‍ഷിക ബാങ്ക് ഗ്യാരന്റി നല്‍കിയില്ലെന്ന കാരണത്താല്‍ ബിസിസിഐ കൊച്ചി ടീമിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ അറിയിച്ചു.

2012 സീസണില്‍ 10 ടീമുകളിലായി ഒമ്പതുപേര്‍ മാത്രമാണ് മത്സരിച്ചത്. 2012 ലെ മത്സരത്തിന് മുന്നോടിയായി കൊച്ചി ടസ്‌കേഴ്‌സ് ടീം കളിക്കാരെ മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് ലേലം ചെയ്തു.2012 ഫെബ്രുവരിയില്‍ കൊച്ചി ടസ്‌കേഴ്‌സ് ടീമിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിന് ബിസിസിഐക്കെതിരെ പരാതി നല്‍കുമെന്ന് റെന്‍ഡെസ്വസ് സ്‌പോര്‍ടസ് വേള്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഫ്രാഞ്ചൈസി പിരിച്ചുവിട്ടതിന് 2015 ജൂലൈയില്‍ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐയോട് കോടതി നിയോഗിച്ച ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടിരുന്നു.

28-Nov-2024