ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ; പിടിയിലായത് സ്വർണ്ണ കവർച്ച കേസിൽ

വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ പെരിന്തൽമണ്ണ സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റിലായി. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്.

പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്.

2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു. അർജുൻ്റെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ ആരോപണം ഉയർന്നിരുന്നു. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്നാണ് വിവരം.

പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി ടി കെ ഷൈജു പ്രതികരിച്ചു.

28-Nov-2024