സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ കേരളം മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനമായി: മുഖ്യമന്ത്രി
അഡ്മിൻ
ആരോഗ്യ, കാർഷിക സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ട്അപ്പ് മിഷന്റെ ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐ. ഇ. ഡി. സി പ്രവർത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ലോഞ്ച് എംപവർ ആക്സിലറേറ്റ് പ്രൊസ്പർ (ലീപ്) സംവിധാനങ്ങളും പ്രയോഗത്തിൽ വരുത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രീകൃത സ്റ്റാർട്ട്അപ്പ് ഇങ്കുബേഷൻ സംവിധാനമാണ് ലീപ്പിലൂടെ ഉദ്ദേശിക്കുന്നത്. കോവളത്ത് ഹഡിൽ കേരള 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ടെക്നോപാർക്കിന്റെ ഭാഗമായി എമർജിംഗ് ടെക്നോളജി ഹബ് തിരുവനന്തപുരത്ത് വരികയാണ്. ഭക്ഷ്യ - കാർഷിക മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ, പാരമ്പര്യേതര ഊർജം, ഡിജിറ്റൽ മീഡിയ, ആരോഗ്യം - ലൈഫ് സയൻസ് എന്നീ മേഖലകൾക്കാണ് ഇവിടെ പ്രാധാന്യം നൽകുക. കേരളത്തിൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് കേരള ഗ്ളോബൽ സമ്മിറ്റിൽ സ്റ്റാർട്ട്അപ്പുകൾക്കായി പ്രത്യേക സെഷൻ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ കേരളത്തിലെ ഐ. ടി പാർക്കുകളിൽ സ്ഥലം ലഭിക്കുന്നതിന് നിരവധി പേർ കാത്തിരിക്കുകയാണ്. വർക്ക് നിയർ ഹോം കേന്ദ്രങ്ങളും ലീപ് സംവിധാനങ്ങളും ഇതിന് ഒരു പരിധി വരെ പരിഹാരം കാണുമെന്നാണ് കരുതുന്നത്. ഐ. ടി മേഖലയിൽ തൊഴിൽ തേടുന്നവർ കേരളം തിരഞ്ഞെടുക്കാൻ താത്പര്യം കാണിക്കുന്നുണ്ട്. ഇന്ത്യയിലെ മെട്രോ സിറ്റികളെ അപേക്ഷിച്ച് കേരളത്തിന് കൂടുതൽ സാധ്യതകളുണ്ട്. അവിടങ്ങളിൽ മലിനീകരണം, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ കേരളത്തിൽ മികച്ച വായുവും ജലവുമാണുള്ളത്. ഗതാഗത സംവിധാനങ്ങളും മികച്ചതാണ്.
കേരളത്തിലെ സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് 2024 മികച്ച വർഷമാണ്. സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ കേരളം മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനമായി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഈ മേഖലയിൽ വലിയ മാറ്റമാണ് കേരളത്തിൽ സംഭവിച്ചത്. 2024ൽ 6100 സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. 62000 പേർക്ക് ഇവിടെ തൊഴിലവസരമുണ്ടായി. 5800 കോടി രൂപയുടെ നിക്ഷേപമുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക്സ് ആന്റ് ഐ. ടി സെക്രട്ടറി രത്തൻ യു കേൽക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥർ, വിവിധ സ്ഥാപന മേധാവികൾ, സ്റ്റാർട്ട് അപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.