മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി

‘ദ ഹിന്ദു’ ദിനപത്രത്തില്‍ വന്ന മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്. ഈ പരാമര്‍ശത്തില്‍ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി. മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്.

മലപ്പുറം ജില്ലയില്‍ നിന്ന് സ്വര്‍ണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ‘ദ ഹിന്ദു’ അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി പറയാത്ത കാര്യം ഉള്‍പ്പെട്ടെന്ന് പ്രസ് സെക്രട്ടറി കത്തയച്ച ഉടന്‍ ‘ദ ഹിന്ദു’ തിരുത്തുനല്‍കി.

സംഭവിക്കാന്‍ പാടില്ലാത്ത തെറ്റാണ് സംഭവിച്ചതെന്നും അതില്‍ ഖേദിക്കുന്നതായും പത്രം പറഞ്ഞു. മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നാണ് പത്രത്തിന്റെ വിശദീകരണം. കൈസെന്‍ എന്ന പിആര്‍ ഏജന്‍സിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നല്‍കാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ‘ദ ഹിന്ദു’ വ്യക്തമാക്കിയിരുന്നു.

29-Nov-2024