രണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കെതിരെ നടപടി
അഡ്മിൻ
അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് മുതിർന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കെതിരെ നടപടി പുരോഗമിക്കുന്നതായി റിപ്പോർട്ട്. ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷനിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായ അഡ്മിറൽ മിയാവോ ഹുവയെ ആണ് ഏറ്റവും ഒടുവിൽ ചുമതലയിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹുവയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്ന വിവരമാണ് പുറത്ത് വരുന്നത്.
ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജൂനെയും അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് അന്വേഷണവിധേയനാക്കിയതായി മുൻ അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൈന ഈ റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്.
നിലവിൽ നടപടിക്ക് വിധേയനായിരിക്കുന്ന 69 കാരനായ അഡ്മിറൽ മിയാവോ ഹുവ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി സംശയിക്കുന്നുവെന്നാണ് ചൈനീസ് പ്രതിരോധ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. മിയാവോയ്‌ക്കെതിരായ ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ലെങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയരുമ്പോൾ നൽകുന്ന വിശദീകരണമാണ് ചൈന ഇപ്പോൾ നൽകിയിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെയും പരമോന്നത സൈനിക നേതൃത്വമായ സെൻട്രൽ മിലിട്ടറി കമ്മീഷനിലെ (സിഎംസി) അംഗമായിരുന്നു അഡ്മിറൽ മിയാവോ. പാർട്ടി പ്രത്യയശാസ്ത്രവും വ്യക്തിത്വ മാറ്റങ്ങളും കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ സിഎംസിയിലെ രാഷ്ട്രീയ പ്രവർത്തന വിഭാഗത്തിൻ്റെ ഡയറക്ടർ കൂടിയാണ് മിയാവോ. നിലവിൽ മിയാവോ സസ്പെൻഡ് ചെയ്യപ്പെട്ടതോടെ ഏഴംഗ സിഎംസിയിൽ അഞ്ച് അംഗങ്ങളായി ചുരുങ്ങിയിരിക്കുകയാണ്.
പ്രസിഡൻ്റ് ഷി ജിൻപിങ് അധ്യക്ഷനായ സമിതിയിൽ ഷിയ്ക്കും രണ്ട് വൈസ് ചെയർമാൻമാർക്കും പുറമെ രണ്ട് അംഗങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ചൈനയെ സംബന്ധിച്ച് കഴിഞ്ഞ ദശാബ്ദത്തിനിടയ്ക്ക് ഇത് അപൂർവ്വ സാഹചര്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡോങ്ങിൻ്റെ മുൻഗാമികളായിരുന്ന ലീ ഷാങ്ഫുവിനെയും ലി വെയ് ഫെംഗെയെയും നേരത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്താക്കിയിരുന്നു.