15 ദിവസത്തിലൊരിക്കൽ പുതപ്പുകൾ കഴുകുമെന്ന് റെയിൽവേ
അഡ്മിൻ
ട്രെയിൻ യാത്രകളിൽ എ.സി കോച്ചുകളിൽ ഉള്ള യാത്രക്കാർക്ക് നൽകുന്ന കമ്പിളിപ്പുതപ്പുകൾ 15 ദിവസത്തിലൊരിക്കൽ കഴുകുമെന്ന് നോർത്തേൺ റെയിൽവേ. കഴുകുമ്പോൾ ചൂടുള്ള നാഫ്തലിൻ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുമെന്നും റെയിൽവേ അറിയിപ്പ്. യാത്രയിലെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച ആശങ്കകൾക്കിടെയാണ് ഈ നടപടി.
ജമ്മു, ദിബ്രുഗഢ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളും ഓരോ ട്രിപ്പ് കഴിയുമ്പോഴും അണുനശീകരണം നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് യു.വി റോബോട്ടിക് സാനിറ്റൈസേഷനിലൂടെയാണ് ഇങ്ങനെ അണുനശീകരണം നടത്തുന്നത്.
അതേസമയം ഓരോ ഉപയോഗത്തിനുശേഷവും യന്ത്രവൽകൃത അലക്കുശാലകളിൽ തുണികൾ കഴുകുമെന്നും വൈറ്റോ മീറ്റർ പരിശോധനയിൽ വിജയിച്ചശേഷമേ ഇവ വീണ്ടും ഉപയോഗിക്കൂവെന്നും നോർത്തേൺ റെയിൽവേ വക്താവ് ഹിമാൻഷു ശേഖർ വ്യക്തമാക്കി. നേരത്ത 2010ന് മുൻപ് മൂന്നു മാസത്തിലൊരിക്കൽ കഴുകിയിരുന്ന കമ്പിളി പുതപ്പ് ഇപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ കഴുകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.