ഇന്ത്യ സഖ്യ യോഗം ബഹിഷ്ക്കരിച്ച തൃണമൂല്‍ പാര്‍ലമെന്‍റിലെ പ്രതിഷേധത്തിലും പങ്കെടുത്തില്ല

പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. പാർലമെന്റിൽ ഭരണഘടനയെക്കുറിച്ച് ചർച്ച നടത്തും. 13,14 തീയതികളിൽ ലോക്സഭയിലും 16,17 തീയതികളിൽ രാജ്യസഭയിൽ ചർച്ച നടത്തും. നാളെ മുതൽ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് എല്ലാ ദിവസവും സഭ സ്തംഭിപ്പിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ മുറുമുറുപ്പ് തുടങ്ങി. ബംഗാളിലെ വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കി. ഇന്ത്യ സഖ്യ യോഗം ബഹിഷ്ക്കരിച്ച തൃണമൂല്‍ പാര്‍ലമെന്‍റിലെ പ്രതിഷേധത്തിലും പങ്കെടുത്തില്ല.

എന്‍സിപിക്കും വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ട്. സഖ്യകക്ഷികള്‍ എതിർപ്പ് അറിയിച്ചതോടെ അദാനി വേണ്ട ഭരണഘടനയിലായാലും ചര്‍ച്ച മതിയെന്ന നിലപാടിലായി കോണ്‍ഗ്രസ്. ഈയാവശ്യവുമായി സ്പീക്കറെ കണ്ടെങ്കിലും അനുകൂല പ്രതികരണം കിട്ടിയിട്ടില്ല. ചര്‍ച്ച കൂടാതെ ബഹളത്തിനിടെ ബില്ലുകള്‍ പാസാക്കാമെന്നതിനാല്‍ സര്‍ക്കാരും ഇതൊരവസരമായി കാണുകയാണ്.

02-Dec-2024